കുണ്ടറയിൽ ആത്മഹത്യ ചെയ്ത 10വയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച് രണ്ടു മാസമായിട്ടും പൊലീസ് ഇതുവരെ യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം.
ജനുവരി പതിനഞ്ചിനാണ് പത്തുവയസുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്‌റ്റ് മോര്‍ട്ടം നടന്നത്.
റിപ്പോർട്ടിന്റെ പകർപ്പ് ജനുവരി 16ന് തന്നെ കൊല്ലം റൂറൽ എസ്പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല.
സംഭവത്തിൽ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതക സാധ്യത പോലും സംശയിക്കുന്ന കേസിലാണ് പൊലീസിന്റെ ഈ ഗുരുതരമായ അനാസ്ഥയെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു.