പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുള്ള സ്ത്രീയുടെ രണ്ടു വയസ്സുള്ള മകളോട് റാന്നി സിഐയുടെ ക്രൂരപീഡനം. അറസ്റ്റിലായ നാറാണമൂഴി മാത്യു, റീന ദമ്പതികളുടെ ഇളയ മകള്‍ ബെല്ല റോസിനോടാണ് സിഐ ന്യൂമാന്റെ ക്രൂരത. വിശന്ന് വലഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയ കുട്ടിയെ അതിനനുവദിക്കാതെ കൈക്ക് പിടിച്ച് ശക്തമായി പുറത്താക്കുകയായിരുന്നു സി ഐ.
പത്തനംതിട്ടയില്‍ റാന്നി ചെമ്പന്‍മുടിയിലെ പാറ ഖനനത്തിനെതിരെയായിരുന്നു നാട്ടുകാരുടെ സമരം. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ വേണ്ടിയാണ് കുട്ടിയെ അമ്മയുടെ അടുത്തേക്ക് വിട്ടതെന്ന് നാട്ടുകാർ പറയുന്നു. അമ്മയെ കാണണം എന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞിട്ടും പൊലീസുകാർ അകത്തേക്ക് കയറ്റി വിടാൻ തയ്യാറായില്ല. സി ഐയുടെ ഈ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.