സോണിയാഗാന്ധിക്കെതിരായ ആരോപണങ്ങൾ കെട്ടുകഥകൾ മാത്രം,കേരളത്തിൽ താമര വിരിയില്ലെന്ന സത്യം ഇനിയെങ്കിലും മോദി തിരിച്ചറിയണം: ചെന്നിത്തല

തിങ്കള്‍, 9 മെയ് 2016 (16:16 IST)
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായി പ്രധാനമന്ത്രി നടത്തിയ ആരോപണങ്ങൾ ജൽപ്പനങ്ങൾ മാത്രമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടെ പദവിക്ക് ചേരുന്ന പ്രവർത്തിയല്ല അദ്ദേഹം ചെയ്തതെന്നും സോണിയാഗാന്ധിക്കെതിരായ ഇത്തരം പരാമര്‍ശങ്ങളെ ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
 
ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
സോണിയാഗാന്ധിക്കെതിരായ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ ജല്‍പ്പനങ്ങള്‍ മാത്രം
 
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ സോണിയാഗാന്ധിക്കെതിരേയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ജല്‍പ്പനങ്ങള്‍ മാത്രമാണ്. പാര്‍ലമെന്റിനകത്ത് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി കേരളത്തിലത്തി തട്ടിവിട്ടത്. ഇത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ല. 
 
സോണിയാഗാന്ധിക്കെതിരായ ഇത്തരം പരാമര്‍ശങ്ങളെ ശക്തമായി നേരിടും. ഇതുകൊണ്ടൊന്നും തകര്‍ന്നുപോകുന്നതല്ല സോണിയാഗാന്ധിയുടെ സംശുദ്ധരാഷ്ട്രീയ പ്രവര്‍ത്തനം. അഴിമതിയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി ഇത്രയും നാള്‍ ശോഭനമായിരുന്നെന്ന് അവകാശപ്പെട്ട ഗുജറാത്തിന്റെ അവസ്ഥ ഒരോ ദിവസവും തുറന്നുകാട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സി എ ജി റിപ്പോര്‍ട്ടുകളാണ് ഗുജറാത്ത് മോഡിലിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നത്. 
 
സംസ്ഥാനത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന കൊടിയ അഴിമതികളുടെ ഞെട്ടിക്കുന്ന കഥകളാണ് ഈ റിപ്പോര്‍ട്ടുകളിലുള്ളത്. അദാനിയും അംബാനിയും അടക്കമുള്ള കോര്‍പറേറ്റുകള്‍ക്ക് സംസ്ഥാനം തീറെഴുതി നല്‍കിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. 29,000 കോടിയിലധികം രൂപയുടെ ക്രമക്കേട് 2012-2013 സാമ്പത്തികവര്‍ഷം മാത്രം സംസ്ഥാനത്ത് നടന്നെന്നാണ് കണ്ടെത്തല്‍. ഗുജറാത്ത് വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണെന്നും വര്‍ധിച്ചുവരുന്ന കടബാധ്യത നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനം അപടകത്തിലേക്ക് കൂപ്പുകുത്തുമെന്നും ഇതേ റിപ്പോര്‍ട്ടില്‍ സി എ ജി മുന്നറിയിപ്പും നല്‍കുന്നുണ്ട്. 
 
ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത് 20000 കോടി കെ ജി ബേസിനുമായി ബന്ധപ്പെട്ട അഴിമതിയാണ്. എന്നാല്‍ സി എ ജി റിപ്പോര്‍ട്ടുകളെ കോണ്‍ഗ്രസിനെതിരേ വേദപുസ്തകമായി ഉപയോഗിച്ച മോദിയും ബി ജെ പിയും ഈ സിഎ ജി റിപ്പോര്‍ട്ടിനെ കുറിച്ച് മാത്രം ഇതുവരെ മിണ്ടിയിട്ടില്ല. കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും തയ്‌യാറാകുന്നില്ല . സ്ത്രീ സംരക്ഷണത്തെ കുറിച്ച് വാചാലനാകുന്ന മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗോദ്രയില്‍ ഗര്‍ഭിണിയായിരുന്ന കൗസര്‍ബാനു എന്ന സ്ത്രീയുടെ വയറുകുത്തിക്കീറിയത്. ആ പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്നും ജനമനസ്സുകളില്‍ നിന്ന് മാഞ്ഞിട്ടില്ല. 
 
ഗോദ്രയിലും മറ്റും സ്ത്രീകളെ കൂട്ടമാനഭംഗപ്പെടുത്തിയതും ഇതേ കാലളയിലാണ്. മോദിയുടെ പാര്‍ട്ടി എം പി സാക്ഷി മാഹാരാജല്ലെ ഏതാനും ദിവസം മുൻപ് ഒരു സ്ത്രിയെ അപമാനിച്ചത്?. രാജസ്ഥാനില്‍ തന്നെ പീഡിപ്പിച്ചെന്ന് ഒരു പെണ്‍കുട്ടി നല്‍കിയ കേസിലെ മുഖ്യ പ്രതിയായ നിഹാല്‍ ചന്ത് ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ തുടരുകയാണ്. ഇദ്ദേഹത്തെ സംരക്ഷിക്കുന്ന സമീപനമല്ലേ മോദി സ്വീകരിച്ചത്. 
 
കേരളത്തിലെത്തി മോദി നടത്തിയ പ്രസംഗങ്ങള്‍ സംസ്ഥാനത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് വ്യക്തമാകുന്നതാണ്. ഉത്തരേന്ത്യയില്‍ പയറ്റുന്ന പരീക്ഷണങ്ങള്‍ നടത്തിയാല്‍ കേരളത്തില്‍ താമരവിരിയുമെന്നാണ് മോദിയും അമിത് ഷായും കരുതിയിരിക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റുകളെ കൊണ്ട് കോടികളൊഴുക്കി നടത്തുന്ന പ്രചരണം കൊണ്ട് മാത്രം കേരളത്തില്‍ താമരവിരിയില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും മോദി തിരിച്ചറിയണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 

വെബ്ദുനിയ വായിക്കുക