ദോശ ചുടുന്നത് പോലെ നിയമനിർമ്മാണം നടത്തരുതെന്ന ചെന്നിത്തലയുടെ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച് സ്പീക്കർ സഭയില്‍ നിന്ന് വിട്ട് നില്‍ക്കുന്നു
ബുധന്‍, 16 ഡിസംബര്‍ 2015 (09:27 IST)
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമർശനത്തെ തുടർന്ന് സ്പീക്കർ എൻ ശക്തൻ ഇന്ന് നിമയസഭാ സമ്മേളനത്തിനെത്താതെ പ്രതിഷേധിച്ചു. രാവിലെ സമ്മേളനം തുടങ്ങിയപ്പോൾ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയാണ് സഭാനടപടികൾ നിയന്ത്രിച്ചത്. അതേസമയം, സ്പീക്കർ തന്റെ മുറിയില്‍ സമയം ചെലവഴിക്കുകയും ചെയ്‌തു.
ചെവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്ത് എത്തുന്നതിനാല്‍ സഭാ നടപടികള്‍ വേഗത്തിലാക്കുകയും ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ സ്‌പീക്കര്‍ എന്‍ ശക്‍തന്‍ മുന്‍കൈ എടുത്തിരുന്നു. മോഡിയെ സ്വീകരിക്കാന്‍ മന്ത്രിമാർക്ക് നേരത്തെ പോകുന്നതിന് വേണ്ടി ചർച്ച ചുരുക്കണമെന്ന് സ്പീക്കർ മന്ത്രിമാരോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനെതിരെയാണ് രമേശ് ചെന്നിത്ത സഭയില്‍ വെച്ച് തന്നെ പ്രതിഷേധം അറിയിച്ചത്.
നിയമനിര്‍മാണത്തില്‍ അംഗങ്ങളെ നിയന്ത്രിക്കുന്നത് ഇങ്ങനെയല്ലെന്നും ദോശ ചുടുന്നത് പോലെ നിയമനിർമ്മാണം നടത്തരുതെന്നായിരുന്നു രമേശിന്റെ വിമർശനം. ഇതോടെ സ്‌പീക്കര്‍ രംഗത്ത് എത്തുകയും നിങ്ങളുടെ ഇഷ്ടം പോലെ സംസാരിച്ചു കൊള്ളൂ എന്ന് പറയുകയുമായിരുന്നു. ഈ സംഭവവികാസങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ്‍ ഇന്ന് സ്‌പീക്കര്‍ എന്‍ ശക്തന്‍ സഭയില്‍ എത്താതിരുന്നത്.