കത്ത് കത്തിപ്പടര്‍ന്നു; മുഖ്യമന്ത്രിയേയും ചെന്നിത്തലയേയും സുധീരനേയും ഹൈക്കമാൻഡ് ഡല്‍ഹിക്ക് വിളിച്ചു
വ്യാഴം, 17 ഡിസംബര്‍ 2015 (13:49 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ച സാഹചര്യത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഈ മാസം 22ന് നേതാക്കളുമായി ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തും.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരാണ് കൂടിക്കാഴ്ചയിൽ ങ്കെടുക്കുക. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണിയും ചർച്ചകളിൽ പങ്കാളിയാവും.
അതേസമയം, രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ചതിന്റെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കെപിസിസി യോഗം ചേർന്നതാണ്. പതിവിന് വിപരീതമായി എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയതുമാണ്. അത്തരം ഒരു സാഹചര്യം ഉണ്ടായിട്ടും അന്നൊന്നും പറയാത്ത കാര്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
പക്ഷപാതിത്വവും ആധികാരികതയും ജനങ്ങളെ കോൺഗ്രസിൽ നിന്നും യുഡിഎഫിൽനിന്നും അകറ്റിയെന്നാണ് ചെന്നിത്തലയുടെ കത്തിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ചയിൽ സർക്കാരിനും പങ്കുണ്ട്. സർക്കാരിൽ അഴിമതി വ്യാപകമാണെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ടെന്നാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.