കോളേജുകളിലെ ആഘോഷം: ആഭ്യന്തരമന്ത്രി ഇന്ന് അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തും

ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (09:58 IST)
സംസ്ഥാനത്തെ കോളേജുകളിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതു സംബന്ധിച്ച വിഷയങ്ങളില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് അധ്യാപക സംഘടനാനേതാക്കളുമായി ചര്‍ച്ച നടത്തും. ദര്‍ബാര്‍ ഹാളില്‍ ഉച്ചകഴിഞ്ഞാണ് ചര്‍ച്ച നടക്കുക.

കോളേജുകളിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതു സംബന്ധിച്ച വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായും വൈസ് ചാന്‍സലര്‍മാരുമായും ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരം സിഇടി എന്‍ജിനിയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവം വന്‍ വിവാദമായിരുന്നു.  

അതേസമയം, കാമ്പസുകളില്‍ പൊലീസ് കയറുന്നതിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ആഴ്‌ച പറഞ്ഞിരുന്നു.  തൊടുപുഴ ന്യൂമാന്‍ കോളജില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളെ ആക്രമിക്കുകയും തടയാനെത്തിയ പൊലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു ആഭ്യന്തര മന്ത്രി ഇത്തരം പരാമര്‍ശം നടത്തിയത്.

വെബ്ദുനിയ വായിക്കുക