ശാശ്വതീകാനന്ദയുടെ മരണം: ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി
തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (13:43 IST)
ശിവഗിരി മഠാധിപതി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. ക്രൈംബ്രാഞ്ച് മേധാവിയോടാണ് വിശദീകരണം തേടിയത്. പുതിയ വെളിപ്പെടുത്തലുകൾ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി ഞായറാഴ്‌ച വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ ആഭ്യന്തര മന്ത്രി വിശദീകരണം തേടിയത്.
ഏതു കേസിലും പുതിയ തെളിവുകളുണ്ടെങ്കിൽ വർഷങ്ങൾക്കുശേഷവും പുനരന്വേഷണം നടത്താവുന്നതാണെന്നും ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണെന്നും ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കിയിരുന്നു. സ്വാമിയുടെ മരണത്തില്‍ അടിയന്തരമായി സിബിഐ അന്വേഷണം നടത്തണം. സിബിഐ അന്വേഷണം നടത്തണമെന്നതു ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമിയുടെ മരണത്തിൽ പുനരന്വേഷണം നടത്തണമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ സംബന്ധിച്ചു സമഗ്രമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആവശ്യപ്പെട്ടിരുന്നു. സ്വാമിയുടെ കുടുംബത്തിനും ജനങ്ങൾക്കും സ്വീകാര്യമായ അന്വേഷണമാണ് ആവശ്യം. പുനരന്വേഷണം സംബന്ധിച്ച നിയമവശങ്ങൾ സർക്കാർ പരിഗണിച്ചു വരികയാണ്. ഉചിതമായ തീരുമാനം ഉണ്ടാവുമെന്നും സുധീരൻ പറഞ്ഞു.