സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ബോംബ് നിര്‍മ്മാണത്തിനിടെ: ചെന്നിത്തല
തിങ്കള്‍, 8 ജൂണ്‍ 2015 (13:19 IST)
കണ്ണൂര്‍ കൊളവല്ലൂരില്‍ ബോംബ് നിര്‍മ്മാണം നടക്കുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
പുറമേ നിന്നുള്ള ആരുടേയും ആക്രമണത്താലല്ല മരണം. മരിച്ചവരും പരുക്കേറ്റവരും സിപിഐഎം പ്രവര്‍ത്തകരാണ്. മരിച്ചവരുടെ രാഷ്ട്രീയം എന്തായാലും ഇത്തരം ഭീകര സംഭവങ്ങള്‍ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കണം രാഷ്ട്രീയമെന്നത് ബോംബ് നിര്‍മ്മാണവും അക്രമവും അല്ല എന്ന് യുവാക്കള്‍ക്ക് സന്ദേശം നല്‍കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രോല്‍സാഹനം ലഭിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. കണ്ണൂരിലെ ബോംബ് രാഷ്ട്രീയം അമര്‍ച്ച ചെയ്യും. ഇതിനായി എന്‍ എസ് ജി പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.