‘നടപടി അനീതി, പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വഭാവഹത്യയ്ക്ക് ശ്രമിക്കുന്നു‘

ഞായര്‍, 10 ഓഗസ്റ്റ് 2014 (11:50 IST)
നടപടി അനീതിയാണെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പി രാമചന്ദ്രന്‍ നായര്‍. തനിക്കെതിരേ പാര്‍ട്ടിയിലെ സംസ്‌ഥാനനേതൃത്വം എടുത്ത നടപടിയില്‍ കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സംഭവത്തിലെ പൂര്‍ണ ഉത്തരവാദിത്വം സംസ്‌ഥാന നേതൃത്വത്തിനാണ്‌. തനിക്ക്‌ പറയാനുള്ളത്‌ കണ്‍ട്രോള്‍ കമ്മീഷന്‌ മുമ്പാകെ വ്യക്‌തമാക്കും. പാര്‍ട്ടിക്കുള്ളിലെ ചിലര്‍ ഒരു വിഭാഗമായി മാറി നിന്നുകൊണ്ട്‌ തന്നെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നുണ്ട്‌. ഇതിനെ വിഭാഗീയത എന്ന്‌ വിളിക്കാനാകില്ല. ഒരു വിഭാഗം ആള്‍ക്കാര്‍ എന്നത്‌ മാത്രമാണ്‌. അത്‌ വിഭാഗീയതയല്ല. സ്വീകരിച്ചതും ചെലവാക്കിയതുമായ സകല പണത്തിന്റെയും കണക്കുകള്‍ ജില്ലാ എക്‌സിക്യുട്ടീവിലും കൗണ്‍സിലിലും അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യപ്പെട്ടതാണ്‌.
 
കണക്കില്‍ ക്രമക്കേട്‌ നടന്നിട്ടില്ല. സാമ്പത്തിക ക്രമക്കേട്‌ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടില്ല. തനിക്കെതിരേ പ്രവര്‍ത്തിക്കുന്നവരുടെ കള്ളനീക്കത്തില്‍ പെട്ട്‌ ചാനലുകളും വിഷയം പ്രചരിപ്പിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. പന്ന്യന്‍ നല്ലൊരു സഖാവാണ്‌. അദ്ദേഹത്തിന്റെ സേവനം തുടരണോ വേണ്ടയോ എന്ന്‌ തീരുമാനിക്കേണ്ടത്‌ ദേശീയ നേതൃത്വമാണ്‌. സെക്രട്ടേറിയേറ്റില്‍ രാജി സന്നത അറിയിച്ചെന്നാണ്‌ വിവരം. എന്നാല്‍ സംസ്‌ഥാന എക്‌സിക്യുട്ടീവില്‍ ഇക്കാര്യം പറഞ്ഞതായി അറിയില്ലെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക