രാജ്യസഭ തെരഞ്ഞെടുപ്പ്: എകെ ആന്റണിയും എംപി വീരേന്ദ്രകുമാറും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

വ്യാഴം, 10 മാര്‍ച്ച് 2016 (13:34 IST)
ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും ജെ ഡി യു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നിയമസഭ സെക്രട്ടറിക്ക് മുമ്പാകെയെത്തിയാണ് രണ്ട് നേതാക്കളും പത്രിക സമര്‍പ്പിച്ചത്.
 
യു ഡി എഫ് യോഗത്തിനു ശേഷം പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ഇവര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു.
 
എ കെ ആന്റണി, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ എന്നിവരുടെ കാലാവധി പൂര്‍ത്തിയായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി സി പി എം കൊല്ലം ജില്ല സെക്രട്ടറിയറ്റംഗം കെ സോമപ്രസാദ് വെള്ളിയാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്നാണ് ഇടതുമുന്നനി തീരുമാനം.

വെബ്ദുനിയ വായിക്കുക