മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി ഓർമയായിട്ട് ഇന്ന് കാൽനൂറ്റാണ്ട്. ലോകരാജ്യങ്ങളുടെ മുന്‍ നിരയില്‍ ശക്തവും സ്വതന്ത്രവുമായ ഇന്ത്യയെന്നു സ്വപ്നം കണ്ടയാൾ ആയിരുന്നു അദ്ദേഹമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാജീവ് ഗാന്ധിയുടെ ഇരുപത്തഞ്ചാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഓർമയിൽ ആദരാജ്ഞലി അർപ്പിച്ച് തന്റെ ഫെയ്സ്ബുക്കിൽ കുറിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
രമേശ് ചെനിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
രാജീവ് ഗാന്ധിയുടെ ഇരുപത്തഞ്ചാം ചരമവാര്‍ഷിക ദിനമായ ഇന്ന് ശ്രീ പെരുമ്പത്തൂരിലെ അദ്ദേഹത്തിന്റെ സമാധിയില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കന്‍മാരോടൊപ്പം ആദരാജ്ഞലികളര്‍പ്പിക്കാന്‍ ഞാനുമുണ്ടായിരുന്നു. ഇന്ത്യയെന്ന മഹത്തായ രാജ്യവും അവിടുത്തെ ജനങ്ങളും ലോകത്തിന്റെ നിയാമക ശക്തികളാകുന്ന കാലം എന്നും സ്വപ്നം കണ്ട മനസായിരുന്നു രാജീവ്ജിയുടേത്.
മുത്തഛനായ ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെ, അമ്മയായ ഇന്ദിരാജീയെ പോലെ തന്റെ ഓരോ അണുവിലും ഇന്ത്യയും, ഇന്ത്യാക്കാരും എന്ന വികാരം കാത്തുസൂക്ഷിച്ചയാളായിരുന്നു അദ്ദേഹം. അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ നിയോഗിച്ചതും അദ്ദേഹമായിരുന്നു. യുവാക്കളെ അംഗീകരിക്കാനും മുഖ്യധാരയില്‍ കൊണ്ടുവരാനും വലിയ മനസുകാണിച്ചയാളായിരുന്നു രാജീവ്ജി.
മധ്യാഹ്നസൂര്യനെപ്പോലെ ജ്വലിച്ചസ്തമിച്ച ഭാരതത്തിന്റെ മഹാചൈതന്യത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ എന്റെ ഹൃദയപുഷ്പങ്ങളര്‍പ്പിക്കുന്നു.