സംസ്ഥാനത്ത് മഴ തകര്‍ക്കുന്നു; താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

വെള്ളി, 9 ഒക്‌ടോബര്‍ 2015 (11:21 IST)
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്നും ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അറബി കടലില്‍ കര്‍ണാടക തീരത്തും ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ തീരത്തുമാണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടിരിക്കുന്നത്. മഴ കനത്തതോടെ പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ ഇരുകരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലായ അവസ്ഥയിലാണ്. പലയിടത്തും നാശനഷ്‌ടങ്ങള്‍ ഉണ്ടാകുകയും വീടുകള്‍ വെള്ളത്തിനടിയിലാകുകയും ചെയ്‌തു. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാല്‍ ഗതാഗതം തടസപ്പെടുകയും ചെയ്യുന്നുണ്ട്. മഴ ശക്തമായാല്‍ വിവിധ അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, പേരാമ്പ്രയില്‍ കനത്ത മഴയെത്തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന വീടു തകര്‍ന്നു. എരവട്ടൂര്‍ ആര്യാങ്കണ്ടി കുഞ്ഞിക്കണ്ണന്റെ വീടാണു തകര്‍ന്നത്.

വെബ്ദുനിയ വായിക്കുക