പശുപാലനും സംഘവും പെണ്‍വാണിഭം നടത്തിയത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍

വ്യാഴം, 19 നവം‌ബര്‍ 2015 (12:44 IST)
ചുംബനസമരക്കാരന്‍ രാഹുല്‍ പശുപാലനും സംഘവും പെണ്‍വാണിഭം നടത്തിയത് കേന്ദ്രസര്‍ക്കാര്‍ പദ്ധഹിയുടെ മറവിലെന്ന് റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ ഏജന്റുമാരെന്ന വ്യാജേനയായിരുന്നു ഇവര്‍ മാധ്യമങ്ങളില്‍ പരസ്യം നല്കിയത്. ഈ പരസ്യം കണ്ട് അന്വേഷണവുമായി എത്തുന്ന പെണ്‍കുട്ടികളെ ആയിരുന്നു ഇവര്‍ കബളിപ്പിച്ചത്.
 
ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ കോട്ടയം സ്വദേശിനിയായ ലിനീഷ് മാത്യുവാണ്  ഏജന്‍സിയെ സമീപിക്കുന്ന പെണ്‍കുട്ടികളെ പെണ്‍വാണിഭ റാക്കറ്റുമായി ബന്ധപ്പെടുത്തിയിരുന്നത്. ചതിയില്‍പ്പെടുത്തിയ പെണ്‍കുട്ടികളെ ലിനീഷ് ആയിരുന്നു കൊച്ചിയില്‍ എത്തിച്ച് രാഹുലിന് കൈമാറിയിരുന്നത്.
 
മയക്കുമരുന്ന് നല്കിയാണ് ആദ്യതവണ പീഡിപ്പിച്ചതെന്ന് കഴിഞ്ഞദിവസം റെയ്ഡില്‍ പിടിയിലായ പെണ്‍കുട്ടി പൊലീസില്‍ നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് അറിയിച്ചിരുന്നു.
 
വീഡിയോ ഇന്റനെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടികളെ സംഘം കൂടെ നിര്‍ത്തുന്നത്. അതേസമയം, അച്ചായന്‍, എറണാകുളം സ്വദേശിയായ ജോഷി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വെബ്ദുനിയ വായിക്കുക