സത്യാവസ്ഥ അറിയണമെന്ന് കോടിയേരി പറഞ്ഞു, പരാതി നൽകുന്നതിന് മുൻപ് ബിനോയിയും അമ്മയും യുവതിയുമായി ചർച്ച നടത്തി; നിർണ്ണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ

തിങ്കള്‍, 24 ജൂണ്‍ 2019 (08:47 IST)
ബിനോയ് കോടിയേരിക്കെതിരായ ബലാൽസംഗക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ. പരാതിക്കാരിയായ യുവതിയുമായി കോടിയേരിയുടെ കുടുംബം ചർച്ചകൾ നടത്തിയത് തന്റെ സാന്നിധ്യത്തിലായിരുന്നെന്നാണ് മുംബൈയിൽ അഭിഭാഷകനായ ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ. ബിനോയ് കോടിയേരിയുടെ മാതാവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുമായ വിനോദിനി ബാലകൃഷ്ണൻ ചർ‌ച്ചകൾക്കായി മുംബെയിലെത്തിയിരുന്നു. തന്റെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ചർച്ചകൾ.

വിഷയത്തിന്റെ ഗൗരവം താൻ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നെന്നും അഭിഭാഷകൻ വെളിപ്പെടുത്തുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
 
 
ഏപ്രിൽ 18നായിരുന്നു ചർച്ച.  മുംബൈയിലെ തന്റെ ഓഫീസിൽ വച്ചായിരുന്നു വിനോദിനി ബാലകൃഷ്ണൻ യുവതിയുമായുള്ള കുടിക്കാഴ്ച നടന്നത്.  അഞ്ച് കോടി വേണമെന്ന ആവശ്യം വിനോദിനി ബാലൃഷ്ണൻ തള്ളുകയായിരുന്നു. താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് വിനോദിനി മുംബൈയിൽ എത്തിയത്. അമ്മ എന്ന നിലയിലുള്ള അശങ്കയാണ് അവർ പങ്ക് വച്ചത്. രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിലും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിഷയത്തിൽ ഗൂഢാലോചന സംശയിക്കുന്നെന്നും അവർ പറഞ്ഞിരുന്നു.  പണം നൽകിയാൽ ഇനിയും പണം അവശ്യപ്പെടുമെന്ന് ബിനോയിയും യുവതിയെ അറിയിച്ചു. കുഞ്ഞ് തന്റേതല്ലെന്നും ബിനോയ് പറഞ്ഞതായും അഭിഭാഷകൻ പറയുന്നു.
 
ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരി പറഞ്ഞത്. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയി പറഞ്ഞിരുന്നു. കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ  ഡിഎൻഎ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചു.  ഇതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്നും കെ പി ശ്രീജിത്ത് പറയുന്നു.
 
 
അതേസമയം, കേസിനെ കുറിച്ച് അറിയിച്ചിരുന്നെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ പൊളിയുന്നത് വിഷയം തനിക്ക് അറിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് കൂടിയാണ്. മാധ്യമവാർത്തകളിൽ നിന്നാണ് മകനെതിരായ കേസിനെ കുറിച്ച് താൻ അറിയുന്നത് എന്നായിരുന്നു കോടിയേരി വാർത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതിന് തീർത്തും വിരുദ്ധമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍