പ്രതിമ അനാഛാദനം: മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം രഹസ്യമായി എടുത്തുമാറ്റി, ഉമ്മന്‍ചാണ്ടിക്ക് പകരം വെള്ളാപ്പള്ളി അധ്യക്ഷന്‍
ഞായര്‍, 13 ഡിസംബര്‍ 2015 (11:30 IST)
മുന്‍മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ ആര്‍ ശങ്കറിന്റെ പ്രതിമ ഡിസംബര്‍ 15 ന് കൊല്ലത്ത് അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേര് വെച്ചുള്ള ശിലാഫലകം ഇന്നലെ അര്‍ധരാത്രിയില്‍ രഹസ്യമായി എടുത്തുമാറ്റി.
ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതായുള്ള വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് ശിലാഫലകം മാറ്റിയത്.
വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന മാനിച്ചാണ് ഉമ്മന്‍ചാണ്ടി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതില്‍ അതിയായ ദു:ഖമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
ചില കേന്ദ്രങ്ങള്‍ക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് വെള്ളാപ്പള്ളി അറിയിച്ചിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബിജെപിയുടെ ആവശ്യപ്രകാരമാണ് വെള്ളാപ്പള്ളി ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.