കലക്ടർ ബ്രോ തിരക്കിലാണ്; ജോസഫ് അലക്സിനെ പോലൊരു ഉശിരൻ ആൺകുട്ടി, ഇങ്ങേര് വേറെ ലെവലാണ്!
ശനി, 17 ഡിസംബര്‍ 2016 (16:14 IST)
കോഴിക്കോട്ടെ കലക്ടർ ബ്രോയെ അറിയാത്തവർ ആരുമുണ്ടാകില്ല. സോഷ്യൽ മീഡിയയിലും യുവജനങ്ങൾക്കിടയിലും അദ്ദേഹം തരംഗമായിരിക്കുകയാണ്. അന്നത്തിന് വകയില്ലാത്തവര്‍ക്ക് അന്നം വിളമ്പാന്‍ ഓപ്പറേഷന്‍ സുലൈമാനി എന്ന പദ്ധതി ആവിഷ്കരിച്ചാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഐ എ എസ് ചരിത്രമെഴുതിയത്. അന്നു മുതൽ ജനങ്ങൾ ഒന്നടങ്കം പറയുന്നതാണ് - ' ഇതാണ് കലക്ടർ, ഇങ്ങനെയാകണം കലക്ടർ'.
നയങ്ങളിലും നിലപാടുകളിലും പ്രവർത്തികളിലും പ്രശാന്ത് എന്നും വ്യത്യസ്തനായിരുന്നു. ഒരു ന്യൂ ജനറേഷൻ താരമാണ് കലക്ടർ ബ്രോ. ഇപ്പോൾ അദ്ദേഹം തിരക്കിലാണ്. കഥയെഴുതുന്ന തിരക്കിൽ. ദേശീയ അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണൻ മേനോന്റെ പുതിയ ചിത്രത്തിനാണ് കലക്ടർ ബ്രോ തിരക്കഥ എഴുതുന്നത്. ഒരു ഫൺ അഡ്വഞ്ചർ എന്ന രീതിയിലാണ് കഥ തയ്യാറാകുന്നതെന്ന് സംവിധായകൻ പറയുന്നു.
''കലക്ടറാകും മുമ്പ് തന്നെ എനിക്ക് പ്രശാന്തിനെ വ്യക്തിപരമായി അറിയാം. ഏറെ അടുപ്പമുള്ളയാളാണ് അദ്ദേഹം. തികഞ്ഞ സിനിമ പ്രേമി കൂടിയാണ് അദ്ദേഹം. അദ്ദേഹവുമൊത്ത് രണ്ട് തിരക്കഥകളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നിന്റെ കഥ എന്റേതും അടുത്തതിന്റെ കഥ അദ്ദേഹത്തിന്റേയും. എന്റെ കഥയാണ് ആദ്യം സിനിമയാക്കുക'' എന്ന് അനിൽ പറയുന്നു. നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റൺ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ.
നിലപാടുകളുടെ കാര്യത്തിലും വികസനപദ്ധതികളുടെ കാര്യത്തിലും നമ്മുടെ കലക്ടർ ബ്രോ ഇടയ്ക്കിടക്ക് മറ്റൊരു കലക്ടറെ ഓർമിപ്പിക്കുന്നുണ്ട്. അത് മറ്റാരുമല്ല, തേവള്ളിപ്പറമ്പില്‍ അലക്സാണ്ടറുടെ മകന്‍ ജോസഫ് അലക്സ്! നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍, ഏതെങ്കിലും ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ നല്ലതെന്തെങ്കിലും ചെയ്യുമ്പോള്‍ മലയാളികള്‍ ചിന്തിക്കുന്നത് അങ്ങനെതന്നെയാണ് - ജോസഫ് അലക്സിനെപ്പോലെ ഉശിരുള്ള ഒരാണ്‍കുട്ടിയാണ് കലക്ടർ ബ്രോ എന്ന്. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്.
നമ്മുടെ കലക്ടർ ബ്രോ തിരക്കഥ എഴുതി സിനിമയിലേക്ക് കടക്കുകയാണ്. സ്വഭാവം മാത്രമായിരുന്നു ഇത്രയും നാൾ ജോസഫ് അലക്സുമായ് കലക്ടർ ബ്രോയ്ക്കുണ്ടായിരുന്ന ബന്ധം. എന്നാൽ, ഇപ്പോഴിതാ പ്രശാന്ത് സിനിമയിലേക്ക് കടക്കുന്നതോടെ ആ ബന്ധം ഊട്ടിഉറപ്പിയ്ക്കാമെന്ന് തോന്നുന്നു. ദി കിംഗ് എന്ന സിനിമയിലെ ഒരുശിരൻ കഥാപാത്രത്തെയാണോ കലക്ടർ ബ്രോ തയ്യാറാക്കുന്നതെന്നും ആരാധകർ ചോദിക്കുന്നത്. അങ്ങനെ ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല, സ്വഭാവം അനുസരിച്ച് അങ്ങനെ പ്രതീക്ഷിക്കാമോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.