പൂവരണി പെൺവാണിഭക്കേസ്; ഒന്നാം പ്രതി ലിസിക്ക് 25 വർഷം കഠിന തടവ്

വെള്ളി, 27 മെയ് 2016 (13:20 IST)
നാടിനെ നടുക്കിയ പൂവരണി പെൺവാണിഭക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ കോട്ടയം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. നാലു വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെ. ബാബുവാണ് വിധി പ്രസ്താവിച്ചത്.

ഒന്നാം പ്രതി അയർക്കുന്നം മുണ്ടൻതറയിൽ ലിസിയ്‌ക്ക് 25 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. 366 എ, 372, 373 വകുപ്പുകൾ പ്രകാരം 21 വർഷം തടവ് അനുഭവിക്കണം. 120 ബി പ്രകാരം നാലു വർഷം തടവും വിധിച്ചു.

രണ്ട്, മൂന്ന്, അഞ്ച് പ്രതികൾക്ക് ആറു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നാല്, ആറ് പ്രതികൾക്ക് നാലുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിൽ അഞ്ചു പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒരാൾ വിചാരണക്കാലത്ത് ആത്മഹത്യ ചെയ്‌തിരുന്നു.

ഒന്നാം പ്രതി ലിസി, രണ്ടാം പ്രതി തീക്കോയി വടക്കേൽ ജോമിനി, മൂന്നാം പ്രതി പൂ‌ഞ്ഞാർ ചങ്ങനാരിപറമ്പിൽ ജ്യോതിസ്, നാലാം പ്രതി പൂഞ്ഞാർ തെക്കേക്കര കൊട്ടാരംപറമ്പ് തങ്കമണി, അഞ്ചാം പ്രതി കൊല്ലം തൃക്കരുവ ഉത്രട്ടാതി സതീഷ് കുമാർ, ആറാം പ്രതി തൃശൂർ പറക്കാട്ട് കിഴക്കുംപുറത്ത് രാഖി എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

പതിനാല് വയസുകാരിയായ പെണ്‍കുട്ടിയെ ബന്ധുവായ സ്‌ത്രീ പലര്‍ക്കും കാഴ്‌ചവെക്കുകയായിരുന്നു. മാസങ്ങളോളം പലരും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പാലാ സെന്റ് മേരീസ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി എയിഡ്‌സ് ബാധിച്ചു മരിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകൽ, വില്പന നടത്തൽ, മാനഭംഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

മരിക്കുന്നതിന് മുമ്പായി താന്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. 2008 മേയ് 27നാണ് മകളെ പലർക്കും കാഴ്‌ചവച്ചതായി പൂവരണി സ്വദേശിനി പരാതി നൽകിയത്. 2014 ഏപ്രിൽ 29നാണ് പ്രോസിക്യൂഷൻ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 183 സാക്ഷികളുടെ പട്ടികയും 220 പ്രമാണങ്ങളും 11 തൊണ്ടിസാധനങ്ങളും കോടതിയിൽ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക