നീതി ഗാവസ്‌കറിനോ എഡിജിപിയുടെ മകള്‍ക്കോ ?; രഹസ്യമൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

Webdunia
ഞായര്‍, 8 ജൂലൈ 2018 (12:09 IST)
പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്‌ധയുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സ്‌നിഗ്‌ധയുടെ കായിക പരിശീലകയായ വനിത പൊലീസ് ഉദ്യോഗസ്ഥയുടേയും സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും രഹസ്യമൊഴികളും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി.

വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചും, സ്‌ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഗവാസ്‌കറിനെതിരെ സ്‌നിഗ്‌ധ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, സ്‌നിഗ്‌ധ മര്‍ദ്ദിച്ചുവെന്നാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇരുവരും തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരു ഹര്‍ജികളും കോടതിയുടെ പരിഗണനയിലാണ്. അറസ്‌റ്റ് തടയാന്‍ കഴിയില്ലെന്നും ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്നുമുള്ള സ്നിഗ്ധയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.

തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കറിന്റെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article