താടി വെച്ച് ജോലി ചെയ്യണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഹരജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം

ചൊവ്വ, 30 ഓഗസ്റ്റ് 2016 (12:28 IST)
താടി വെച്ച് ജോലി ചെയ്യാന്‍ അനുമതി നല്‍കാത്ത മേലുദ്യോഗസ്ഥന്റെ നടപടി ചോദ്യം ചെയ്ത് സിവില്‍ പൊലീസ് ഓഫിസര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. എറണാകുളം ആംഡ് റിസര്‍വ് ക്യാമ്പിലെ പൊലീസുകാരനായ കെ റിയാസ് സമര്‍പ്പിച്ച ഹരജിയിലാണ് ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് സിംഗിള്‍ബെഞ്ച് നോട്ടീസ് അയച്ചത്. വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. സ്ഥിരമായി താടി വെച്ച് ജോലിക്ക് ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
 
റമദാന്‍ മാസത്തില്‍ താടി വെക്കാന്‍ അപേക്ഷ നല്‍കിയ ഹരജിക്കാരന് 2011ല്‍ ഇതിന് പ്രത്യേക അനുമതി നല്‍കിയിരുന്നു. ഇതിനുശേഷം മതപരമായ കാരണങ്ങളാല്‍ സ്ഥിരമായി താടി വെക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ മേലധികാരിക്ക് അപേക്ഷ നല്‍കി. എന്നാല്‍, എറണാകുളം അസി. കമാന്‍ഡന്റ് ഇത് തള്ളി.
 
സര്‍ക്കാറിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശത്തോടെയാണ് അപേക്ഷ തള്ളിയത്. തുടര്‍ന്ന് ഓഫീസ് മുഖേന  സര്‍ക്കാറിന് അയക്കാനുള്ള അപേക്ഷ കൈമാറി. മതപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ നാവിക, വായു സേനാംഗങ്ങളടക്കമുള്ളവര്‍ക്ക്  താടി വളര്‍ത്താന്‍ അനുമതിയുള്ളതായി ചൂണ്ടിക്കാട്ടിയാണ് 2012ല്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, സര്‍ക്കാറിലേക്കയക്കാതെ തന്നെ അപേക്ഷ നിരസിച്ചെന്നും ഓഫിസില്‍നിന്ന് അപേക്ഷ മടക്കി നല്‍കിയെന്നും ഹരജിയില്‍ പറയുന്നു.
 
പിന്നീട് 2013ല്‍ ഇതേ ആവശ്യമുന്നയിച്ച് സര്‍ക്കാറിന് നേരിട്ട് രജിസ്റ്റേര്‍ഡ് തപാലില്‍ അപേക്ഷ അയച്ചു. ഈ അപേക്ഷ സര്‍ക്കാര്‍ ഡിജിപിയുടെ പരിഗണനക്ക് വിട്ടു. താടി വളര്‍ത്തി ജോലി തുടരാനുള്ള അപേക്ഷ അനുവദിക്കാനാവില്‌ളെന്ന മറുപടിയാണ് ലഭിച്ചത്. പൊലീസ് മാനുവല്‍ പ്രകാരം ഇതിന് അനുമതിയില്ലെന്നായിരുന്നു വിശദീകരണം. 
 

വെബ്ദുനിയ വായിക്കുക