ജിഷയുടെ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാര് ?; അമീറുലിന്റെ സുഹൃത്തായ അനാര്‍ ആണോ കൃത്യത്തിന് പിന്നില്‍ ? - അന്വേഷണ സംഘത്തിന് മുന്നില്‍ ഒരേ പേരുള്ള രണ്ടു പേര്‍ - പൊലീസ് സമ്മര്‍ദ്ദത്തില്‍
ചൊവ്വ, 21 ജൂണ്‍ 2016 (16:51 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമീറുൽ ഇസ്‍ലാമിന്റെ സുഹൃത്തും അസം സ്വദേശിയുമായ അനാര്‍ ഹസനെ അന്വേഷണ സംഘം തെരയുന്നു. 2015ല്‍ ജിഷയുടെ അമ്മ രാജേശ്വരിയുമായി ബന്ധപ്പെട്ടുണ്ടായ ഒരു കേസില്‍ അനാര്‍ പ്രതിയായിരുന്നു. ഇതാണ് പൊലീസ് ഇയാളെ അന്വേഷിക്കുന്നതിന് കാരണമായത്.
2015ല്‍ രാജേശ്വരിയെ അനാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ജിഷ സംഭവസ്ഥലത്ത് എത്തി ബൈക്കിന്റെ താക്കോല്‍ പിടിച്ചു വാങ്ങുകയും ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു.
ജിഷയുടെ അമ്മയെ ബൈക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച അനാര്‍ ഹസനും പെരുമ്പാവൂരില്‍ അമീറുല്‍ ഇസ്‌ലാമിനൊപ്പമുണ്ടായിരുന്ന അനാര്‍ ഇസ്‌ലാമും ഒരാള്‍ തന്നെയാണോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച അനാറുള്‍ ഇസ്‍ലാമിനെ അസമിലെത്തി കേരളാ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ജജോരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഞായറാഴ്ചയാണ് പൊലീസ് ചോദ്യം ചെയ്‌തത്.
അമീറുലിന്റെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അനറുലിന്റെ വീട്. കേരളത്തിലുണ്ടായിരുന്ന അനറുൽ, ജിഷ കൊലപ്പെട്ടതിനു ശേഷം ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി എടുത്തത് അനാറുലിന്റെ വീട്ടിൽ നിന്നെന്ന് അമീറുൽ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കത്തിയെടുത്തത് സുഹൃത്ത് അറിഞ്ഞിട്ടില്ലെന്നും പ്രതി പൊലീസിന് മൊഴി നൽകി. സംഭവദിവസം മദ്യം വാങ്ങിയത് ജിഷയുടെ വീടിന് അടുത്ത് നിന്നാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാകാം അനാര്‍ ഒളിവില്‍ പോയതെന്നാണ് പൊലീസ് പറയുന്നത്.
അമീറുൽ ഇസ്‌ലാമും അനാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-
ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സുഹൃത്ത് അനാറിന്റെ വാക്കുകളാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
സംഭവം നടന്ന ദിവസം രണ്ടു തവണയായി അമീറുൽ മദ്യപിച്ചിരുന്നു. പെരുമ്പാവൂരിലെ ഒരു മദ്യഷോപ്പില്‍ നിന്നാണ് രണ്ടാമത് മദ്യപിക്കാനുള്ള മദ്യം വാങ്ങിയത്. ഈ മദ്യം കഴിക്കാന്‍ നേരം അനാര്‍ കൂടെയുണ്ടായിരുന്നു. കുളിക്കടവിൽ ഉണ്ടായ സംഭവങ്ങൾ അനാര്‍ പറഞ്ഞതോടെ അമീറുലിനെ പ്രകോപിതനാക്കുകയായിരുന്നു. തുടര്‍ന്നാണ് ജിഷയുടെ വീട്ടിലേക്ക് അമീറുല്‍ പോയത്.
ഈ സാഹചര്യത്തില്‍ ജിഷയുടെ കൊലപാതകം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്ത് അനാറിന് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ഇയാളെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്.