'സിനിമാനടിയായാല്‍ ഉപേക്ഷിച്ചു പോകുമോ എന്ന പേടി'; തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടുപോയി; കാമുകനും കൂട്ടുകാരും പിടിയില്‍

റെയ്‌നാ തോമസ്

തിങ്കള്‍, 6 ജനുവരി 2020 (09:27 IST)
സിനിമാ നടിയാകാനൊരുങ്ങുന്ന കാമുകിയുടെ 'സുരക്ഷ' ഉറപ്പാക്കാന്‍ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂര്‍ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ്, വര്‍ഷങ്ങളെടുത്ത് എഴുതിത്തയാറാക്കിയ തിരക്കഥയെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം.
 
പത്തനാപുരം സ്വദേശിയായ യുവാവാണു തിരക്കഥാകൃത്ത്. യുവതിക്കു സിനിമയില്‍ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണില്‍ വിളിക്കാന്‍ തുടങ്ങി. സംസാരം ഇടയ്ക്ക് അതിരുകടന്നു. കാമുകനായ അടൂര്‍ സ്വദേശിയോടു യുവതി വിവരം പറഞ്ഞതോടെയാണ് കളി കാര്യമായത്. തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയത്തില്‍ അന്വേഷണങ്ങള്‍ നടത്തിയ കാമുകന്‍, സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കാമുകി സിനിമാനടിയായാല്‍ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയും ഇയാളെ കടുംകൈയ്ക്കു പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
 
ശനിയാഴ്ച വൈകിട്ട് ആറിനു യുവാവും രണ്ടുകൂട്ടുകാരും തിരക്കഥാകൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവില്‍ ഇയാളെ കണ്ടെത്തിയ സംഘം കാറില്‍ പിടിച്ചുകയറ്റി അടൂര്‍ ഭാഗത്തേക്കു കൊണ്ടുപോയി. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണത്തെത്തുടര്‍ന്ന് രാത്രി ഒന്‍പതിന് അടൂര്‍ ഹൈസ്‌കൂള്‍ ജംക്ഷനില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. 3 പേരെയും റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍