മദ്യവും പണവും പാരിതോഷികങ്ങളും നൽകി അണ്ണാ ഡി എം കെ വോട്ട് ചോദിക്കുന്നു, ആഭ്യന്തരകലാപം സൃഷ്ടിക്കാൻ ശ്രമമെന്ന് പൊലീസ്

വ്യാഴം, 12 മെയ് 2016 (11:25 IST)
ഇടുക്കി ജില്ലയെ കലാപത്തിൽ മുക്കാൻ അണ്ണാ ഡി എം കെ ശ്രമിക്കുന്നുവെന്ന് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. മദ്യം, പണം, പാരിതോഷികങ്ങൾ എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുകയാണ് പാർട്ടി പ്രവർത്തകർ ചെയ്യുന്നതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം ചൂണ്ടികാട്ടി അണ്ണാ ഡിഎംകെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കർശന നടപടിയും റിപ്പോർട്ടിൽ ശുപാർശചെയ്യുന്നുണ്ട്. 
 
ഇടുക്കിയിലെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലാണ് അണ്ണാ ഡി എം കെ സ്ഥാനാർഥികൾ മത്സരിക്കുന്നത്. സ്ഥാനാർഥികൾ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും റിപോർട്ടിൽ പറയുന്നു. ഇത് സംബന്ധിക്കുന്ന വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി കെ വി ജോസഫ് ജില്ലാ കലക്ടർക്കും ഡി ജി പിക്കും കൈമാറി.
 
ഇതുവരെ റജിസ്റ്റ ചെയ്ത 28 കേസുകളിൽ 12 കേസുകളിലും അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ ഉൾപ്പെടെ 12 പേർ പ്രതികളാണ്. പീരുമേട് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് 12ൽ 10 കേസുകളും. പീരുമേട് മണ്ഡലത്തിൽ റിപ്പോർട്ടു ചെയ്യുന്ന എല്ലാ ക്രമസമാധാന പ്രശ്നങ്ങൾക്കും പിന്നിൽ വനിതാ നേതാവാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക