കൊച്ചുമോനെതിരെ ചില കൊച്ചു കേസുകൾ; മദ്യപാനത്തിന് ഭാര്യ മൂക്കുകയർ ഇട്ടു, കൊച്ചുമോൻ പുളിമരത്തിൽ കയറി, പിന്നെ നടന്നത് അവിശ്വസനീയം

വ്യാഴം, 2 ജൂണ്‍ 2016 (14:39 IST)
ഭാര്യ മദ്യപിക്കാൻ സമ്മതിക്കാത്തതിൽ മനം നൊന്ത് ഭർത്താവിന്റെ ആത്മഹത്യാ ഭീഷണി. മാന്നാര്‍ ഇരമത്തുര്‍ പുതുപ്പള്ളില്‍ തെക്കേതില്‍ രാധാകൃഷ്ണന്‍ എന്ന കൊച്ചുമോനാണ് ആത്മഹത്യാ ഭീഷണി മുഴക്കി പറമ്പിലെ പുളിമരത്തിൽ കയറിയത്.
 
പുളിമരത്തിൽ കയറിയ കൊച്ചുമോന്റെ അഭ്യാസങ്ങൾ ഭാര്യയെ മാത്രമല്ല നാട്ടുകാരെയും പൊലീസിനേയും വട്ടം കറക്കി. സ്ഥിരമായി മദ്യപിക്കുന്ന കൊച്ചുമോന്റെ കലഹം സഹിക്കാനാകതെയാണ് മദ്യപാനത്തിന് ഭാര്യ മൂക്കുകയർ ഇട്ടത്. എന്നാൽ ഭാര്യയോട് തോൽക്കാനാകില്ലെന്നും ആത്മഹത്യ ചെയ്ത് പ്രതികാരം തീരിക്കുമെന്നും പറഞ്ഞാണ് മരത്തിൽ കയറിയത്.
 
മരത്തിൽ കയറിയ കൊച്ചുമോന്റെ അഭ്യാസങ്ങൾ കാണാൻ നിരവധിപേർ തടിച്ച് കൂടിയിരുന്നു. നാട്ടുകാരെയും അനുനയിപ്പിക്കാനെത്തിയ പൊലീസുകാരെയും കൊച്ചുമോന്‍ അസഭ്യം പറഞ്ഞ് പരിഹസിച്ചു. അതോടൊപ്പം, മാന്നാര്‍ എസ് ഐ ശ്രീജിന്റെ മുഖത്തേക്ക് അടിവസ്ത്രം വലിച്ചെറിഞ്ഞും കൊച്ചുമോന്‍ ഭാര്യയോടുള്ള അരിശം തീര്‍ത്തു. 
 
പിന്നീട് ഫയര്‍ഫോഴ്‌സ് സംഘമെത്തി കൊച്ചുമോനെ പുളിമരത്തില്‍ നിന്ന് താഴെയിറക്കി മാന്നാര്‍ പൊലീസിന് കൈമാറുകയായിരുന്നു. ഏകദേശം രണ്ടു മണിക്കുറോളം നാട്ടുകാരേം വീട്ടുകാരേം പോലിസിനേയും വട്ടം കറക്കിയ കൊച്ചുമോനെതിരെ  ചില കൊച്ചു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക