സര്‍ക്കാരിന് പ്ളസ്ടുവിലും തിരിച്ചടി; അപ്പീൽ കോടതി തള്ളി
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (14:02 IST)
പ്ളസ് ടു അധിക ബാച്ചുകളും സ്കൂളുകളും അനുവദിച്ചത് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.
ഇതോടെ, ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശയില്ലാതെ അനുവദിച്ച സ്കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കും പ്രവേശനം നടത്താൻ സർക്കാരിന് കഴിയില്ല. സര്‍ക്കാര്‍ പ്ളസ് ടു വിഷയത്തില്‍ നടത്തിയത് ചട്ടങ്ങള്‍ക്ക് വിപരീതമായാണെന്നും കോടതി കണ്ടെത്തി.
സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ സർക്കാർ കണക്കിലെടുത്തില്ല. മാനദണ്ഡങ്ങൾ ലംഘിച്ചാണ് സർക്കാർ പ്ളസ് ടു അനുവദിച്ചത്. പ്ളസ് ടു ലഭിക്കാൻ സ്കൂളുകൾക്ക് യോഗ്യതയുണ്ടോയെന്ന കാര്യം പോലും സർക്കാർ പരിശോധിച്ചില്ലെന്നും ജസ്റ്റീസുമാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്ളസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ജൂലായ് 31ന് ഇറക്കിയ ഉത്തരവിൽ ദുരൂഹതയുണ്ട്. എം.എൽ.എമാരുടെ ശുപാർശ പരിഗണിച്ചാണ് സ്കൂളുകൾ അനുവദിച്ചതെന്ന വാദവും കോടതി തള്ളി. നിയമവിരുദ്ധ നടപടികൾ സ്വീകരിച്ച ശേഷം അതിനെ കോടതി മുഖേന സാധൂകരിക്കാൻ ശ്രമിക്കരുത്. വിദ്യാർത്ഥികളുടെ ഭാവിയെ കുറിച്ച് പറഞ്ഞ് കോടതിയെ കുറ്റപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകള്‍ മാത്രം തുറന്നാല്‍ മതിയെന്നും മന്ത്രി സഭാ ഉപസമിതി നിര്‍ദേശിച്ച സ്‌കൂളുകള്‍ വേണ്ടെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.