തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; അട്ടിമറി സാധ്യതയെന്ന് ആരോപണം, നഷ്‌ടം 400 കോടി, വ്യവസായ മന്ത്രിയുമായി ആലോചിച്ചതിന് ശേഷം അന്വേഷണം പ്രഖ്യാപിക്കുമെന്ന് കടകംപള്ളി
ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. അപകടത്തിൽ ആളപായം ഇല്ലെങ്കിലും പ്ലാസ്റ്റിക് കത്തി വന്‍തോതില്‍ വിഷപ്പുക പടര്‍ന്നതിനാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് കത്തിയതില്‍നിന്ന് ഉയരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് കുറയ്ക്കും.
അതേസമയം, തീപിടുത്തത്തിന് പിന്നിൽ വൻ അട്ടിമറി സാധ്യതയുള്ളതായി സംശയിക്കുന്നുവെന്ന് ഫാമിലി പ്ലാസ്റ്റിക്സ് അധികൃതർ പറഞ്ഞു. തീപിടിത്തത്തില്‍ 400 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക വിലയിരുത്തൽ. കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. വിഷപ്പുക ശ്വസിച്ച് രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്‍വിള സ്വദേശികളായ ജയറാം രഘു(18), ഗിരീഷ് (21) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.