1.3 കോടിയുടെ കുഴൽപ്പണവേട്ട: രണ്ട് പേർ പിടിയിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ നടന്ന 1.3 കോടിയുടെ കുഴൽപ്പണ വേട്ടയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നോട്ടാൻതൊടിക റഹീം (42) എന്നിവരാണ് അറസ്റ്റിലായത്.
കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കുഴൽപ്പണം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന നടത്തി. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മേലാറ്റൂർ ഉച്ചാരക്കടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ഹ്യുണ്ടായ് ക്രേറ്റ കാർ കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിക്കവേ കാറിന്റെ മുമ്പിലും പിമ്പിലുമുള്ള രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 500 ന്റെ നോട്ടുകൾ അടങ്ങിയ 1.3 കോടി രൂപ കണ്ടെടുത്തു.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേലാറ്റൂർ സ്റ്റേഷൻ ഹൌസ് ഓഫീസർ ഷാരോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.