രണ്ടു കോടി രൂപയുടെ കുഴൽപ്പണം പിടിച്ചു : ഒരാൾ അറസ്റ്റിൽ
മലപ്പുറം: തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം കാക്കഞ്ചേരി ദേശീയപാതയിൽ നടന്ന വാഹന പരിശോധനയിൽ രണ്ടു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. കുഴൽപ്പണം കടത്താൻ ഉപയോഗിച്ച കാറിന്റെ ഡ്രൈവർ കോഴിക്കോട് താമരശേരി സ്വദേശി അഷ്‌റഫ് എന്ന നാല്പത്തഞ്ചുകാരനെ അറസ്റ്റ് ചെയ്തു.
തേഞ്ഞിപ്പലം പോലീസ് ഇൻസ്‌പെക്ടർ കെ.ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പണം പിടിച്ചെടുത്തത്, കാറിന്റെ മുൻവശത്തെ ഡ്രൈവിംഗ് സീറ്റിനടിയിലായി പ്രത്യേക രഹസ്യ അറയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മലപ്പുറം ജില്ലയിലെ പലർക്കായി നൽകാൻ കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് എത്തിച്ച പണമാണിതെന്ന് പോലീസ് അറിയിച്ചു.
ഇത് കൂടാതെ ചേലേമ്പ്ര കാക്കഞ്ചേരിയിൽ നിന്ന് സ്‌കൂട്ടർ യാത്രക്കാരനിൽ നിന്ന് 15 ലക്ഷം രൂപയും കുഴല്പണമെന്ന രീതിയിൽ പിടികൂടി. കൊടുവള്ളി ആലപ്പുറായ് ഫിറോസ് എന്ന നാല്പത്തെട്ടുകാരനാണ് തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായത്.