‘ആ ഓണക്കാലത്തെകുറിച്ച് സങ്കല്‍പ്പിക്കാനൊരു സുഖമുണ്ട്’ - പിണറായിയുടെ വ്യത്യസ്തമായ ഓണാശംസ

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (16:47 IST)
ഓണത്തെകുറിച്ച് നിലനില്‍ക്കുന്ന ഐതിഹ്യത്തില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വസുന്ദരമായ ഒരു കാലം പണ്ടെന്നോ ഉണ്ടായിരുന്നുവെന്ന് ഓണം എന്ന ഐതിഹ്യം നമ്മോടു പറയുന്നു. ഉണ്ടായിരുന്നിരിക്കാം; ഇല്ലായിരുന്നിരിക്കാം. ഏതായാലും മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നു സങ്കല്‍പിക്കാന്‍ ഒരു സുഖമുണ്ട്. എന്നുമാത്രമല്ല, പണ്ട് അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നു വിശ്വസിച്ചാല്‍, അതിനു സമാനമായ ഒരു കാലത്തെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് അതു വലിയ ഊര്‍ജം പകരുമെന്നും പിണറായിയുടെ ഓണാശംസയില്‍ പറയുന്നു.
 
സമത്വത്തിന്റെ സന്ദേശവുമായെത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ചു വരവേല്‍ക്കാം. സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.
 
സമത്വസുന്ദരമായ ഒരു കാലം പണ്ടെന്നോ ഉണ്ടായിരുന്നുവെന്ന് ഓണം എന്ന ഐതിഹ്യം നമ്മോടു പറയുന്നു. ഉണ്ടായിരുന്നിരിക്കാം; ഇല്ലായിരുന്നിരിക്കാം. ഏതായാലും മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നു സങ്കല്‍പിക്കാന്‍ ഒരു സുഖമുണ്ട്. എന്നുമാത്രമല്ല, പണ്ട് അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നു വിശ്വസിച്ചാല്‍, അതിനു സമാനമായ ഒരു കാലത്തെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് അതു വലിയ ഊര്‍ജം പകരും.
 
മനുഷ്യരെല്ലാം ഒന്നുപോലെ, സമഭാവനയോടെ കഴിയുന്ന ഒരു കാലം. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന ഒരു കാലം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പമാണ്. ആ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മളെല്ലാം. ആ ശ്രമങ്ങള്‍ക്ക് നിത്യപ്രചോദനകരമാണ്
ഓണം എന്ന സങ്കല്‍പം.
 
ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യരെല്ലാം മനസ്സുകൊണ്ട് ഒരുമിക്കുന്ന ഘട്ടമാണ് ഓണക്കാലം. മതനിരപേക്ഷമായാണ് നാം ഓണം കൊണ്ടാടുന്നത്. ഓണവും ബക്രീദും ഏതാണ്ട് ഒരുമിച്ചു വരുന്നു എന്നത് നമ്മുടെ മറ്റൊരു ആഹ്ലാദമാണ്.
 
ഓണത്തിന് ചില പ്രത്യേകതകളുണ്ട്. സാധാരണ ദിവസങ്ങളില്‍ അടുക്കളയിലെ കരിയിലും പുകയിലും കഴിയുന്ന നമ്മുടെ അമ്മമാരും പെങ്ങന്മാരും അതില്‍നിന്നൊക്കെ അല്‍പം അവധിയെടുത്ത് എന്നോണം കാലത്തുതന്നെ കോടിയുടുത്ത് വീട്ടുമുറ്റത്തേക്ക് ഇറങ്ങുന്നത് ആ ദിവസമാണ്. അങ്ങനെ നോക്കുമ്പോള്‍ അവര്‍ക്ക് ഒരു ആശ്വാസമാണ് ഓണം.
 
ഓണം സംബന്ധിച്ച ഐതീഹ്യത്തിനുമുണ്ട് ഒരു പ്രത്യേകത. സാധാരണ എല്ലാ ദിവസവും ദൈവങ്ങളെ വാഴ്ത്തുന്ന വിശ്വാസികള്‍ ഈ ഒരു ദിവസം മാത്രം ദൈവത്തെ വിട്ട് ദൈവത്താല്‍ ചവിട്ടി പാതാളത്തിലേക്ക് താഴ്ത്തപ്പെട്ട ഒരു അസുരചക്രവര്‍ത്തിയെ ആരാധിക്കുന്നു. ദൈവത്തിനു പകരം അസുരനെ ആരാധിക്കുന്ന മറ്റൊരു ദിവസം വിശ്വാസികളുടെ കലണ്ടറിലില്ല.
 
ദിവസവും മുറ്റത്തുനിന്നും ചെത്തിപ്പറിച്ചു കളയുന്ന തുമ്പയ്ക്കും മുക്കുറ്റിക്കുമൊക്കെ അത്തപ്പൂക്കളത്തില്‍ മുഖ്യസ്ഥാനമാണ്. സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കൊക്കെ പ്രാമുഖ്യം നല്‍കുന്നതാണ് ഓണം എന്ന സന്ദേശമാണ് ഇതില്‍ അടങ്ങിയിട്ടുള്ളത് എന്ന് എനിക്കു തോന്നുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലുപോലും ഇതുമായി ബന്ധപ്പെട്ടതാണ് എന്നു കരുതുന്നതില്‍ തെറ്റില്ല. ഒന്നുമില്ലാത്ത അതിനിസ്വരായ ആളുകള്‍ പോലും ആഘോഷിക്കേണ്ടതാണ് ഓണം എന്ന ചിന്തയാണ് ഇതില്‍നിന്ന് പ്രസരിക്കുന്നത്. എന്നാല്‍, എല്ലാ വിഭാഗങ്ങള്‍ക്കും ഓണം ആഘോഷിക്കാന്‍ സാധാരണഗതിയില്‍ പറ്റുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. ഈ സത്യം മനസ്സിലാക്കിക്കൊണ്ടാണ് ഓണഘട്ടത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ ഗവണ്‍മെന്റ് ചില നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.
 
ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായി മുഴുവന്‍ മലയാളികളും, കേരളത്തിനുള്ളിലുള്ളവരും പുറത്തുള്ളവരും ഒരുമിക്കുന്ന സ്‌നേഹസാഹോദര്യങ്ങളുടെ സന്ദര്‍ഭമായി ഈ ഓണം മാറട്ടെയെന്ന് ആശംസിക്കുന്നു.
Next Article