ലാവ്‌ലിൻ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം അവാസ്തവം: ചെന്നിത്തല
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെയുള്ള വിവാദപരമായ ലാവ്‌ലിൻ കേസുമായി സര്‍ക്കാര്‍ കോടതിയിലെത്തിയ സാഹചര്യത്തില്‍ ന്യായീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കേസില്‍ വാദം നടക്കുകയും വസ്തുതകൾ പുറത്ത് വരികയും ചെയ്യണം. ഹർജി നിയമപരമായ നടപടികളുടെ ഭാഗം മാത്രമാണ്. ലാവ്‌ലിൻ കേസ് നടത്തുന്നത് സിബിഐയാണ്. സിബിഐ നൽകിയ റിവ്യൂ പെറ്റിഷൻ വേഗത്തിലാക്കണമെന്ന് മാത്രമാണ് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ലാവ്‌ലിൻ കേസ് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം അവാസ്തവമാണ്. ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിലും നല്ലത് വൈകി ചെയ്യുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യത്തെ പ്രധാന അഴിമതിക്കേസാണ് ലാവ്‌ലിന്‍ എന്നും ഒരു വിദേശ കമ്പനിക്ക് ചട്ടവിരുദ്ധമായി കരാര്‍ നല്കുക വഴി സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടം വരുത്തിയത് നിസാരസംഭവമല്ലെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ ടി ആസിഫലിയാണ് സര്‍ക്കാരിനായി ഹര്‍ജി സമര്‍പ്പിക്കുന്നത്. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കീഴ്ക്കോടതി തെളിവുകള്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.