പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ചടങ്ങ് വൈകുന്നേരം നാലുമണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

ബുധന്‍, 25 മെയ് 2016 (08:27 IST)
സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിക്കൊപ്പം 19 മന്ത്രിമാരും അധികാരമേല്‍ക്കും.
 
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഡോ തോമസ് ഐസക്, ഇ പി ജയരാജന്‍, ജി സുധാകരന്‍, എ കെ ബാലന്‍, ജെ മെഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എ സി മൊയ്തീന്‍, പ്രഫ സി രവീന്ദ്രനാഥ്, ഡോ കെ ടി ജലീല്‍ (സി പി എം), ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന്‍ (സി പി ഐ), മാത്യു ടി തോമസ് (ജെ ഡി എസ്), എ കെ ശശീന്ദ്രന്‍ (എന്‍ സി പി), കടന്നപ്പളളി രാമചന്ദ്രന്‍(കോണ്‍ഗ്രസ്-എസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
 
ബുധനാഴ്ച രാവിലെ പിണറായി വിജയന്‍ മന്ത്രിമാരുടെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ഒരു മണിക്കൂറോളം നീളുന്ന ചടങ്ങ് കഴിഞ്ഞാലുടന്‍ മന്ത്രിസഭാംഗങ്ങള്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ നല്‍കുന്ന ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കും. രാത്രി ഏഴിന് ആദ്യ മന്ത്രിസഭായോഗം ചേരും. കേരളം പിറന്ന ശേഷമുള്ള  22ആമത്തെ മന്ത്രിസഭയായിരിക്കും ഇത്.

വെബ്ദുനിയ വായിക്കുക