പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം; പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും

വെള്ളി, 15 ജനുവരി 2016 (10:21 IST)
സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം. കാസര്‍കോട് ഉപ്പളയില്‍ ആരംഭിക്കുന്ന നവകേരള മാര്‍ച്ച് പാര്‍ട്ടി മുന്‍ സെക്രട്ടറിയും പി ബി അംഗവുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടന വേദിയിലെ മുഖ്യപ്രഭാഷകന്‍ ആയിരിക്കും.
 
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന മാര്‍ച്ചില്‍ സോളാര്‍, ബാര്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍, എസ് എന്‍ ഡി പി - ബി ജെ പി കൂട്ടുകെട്ട്, സി പി എമ്മിന്റെ വികസന അജണ്ട എന്നിവയാണ് പ്രധാന വിഷയങ്ങളാകുക.
 
മതനിരപേക്ഷ അഴിമതി മുക്ത വികസിത കേരളമെന്നാണ് നവകേരള മാര്‍ച്ചിന്റെ മുദ്രാവാക്യം. മാര്‍ച്ച് കടന്നു പോകുന്ന ഓരോ ജില്ലയിലെയും ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചയാകും. മാര്‍ച്ച് തുടങ്ങുന്നതിന് മുന്നോടിയായി എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങളില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തി പിണറായി വിജയന്‍ അതിന് തുടക്കം കുറിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക