ജനങ്ങളാകെ ഒരേ മനസ്സോടെ നേരിടേണ്ട പ്രശ്നമാണ് ഇത്. അതിനു ആസൂത്രിതമായ പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തെരുവില്‍ കാണുന്ന പട്ടികളെ തല്ലിയും വിഷം കൊടുത്തു കൊന്നു കെട്ടിത്തൂക്കിയത് കൊണ്ടും ഈ പ്രശ്നത്തിന് പരിഹാരമാകില്ല എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. അതുപോലെ വളര്‍ത്തു നായ്ക്കളെ സംരക്ഷിക്കാനും തെരുവില്‍ ഉപേക്ഷിക്കാതിരിക്കാനുള്ള ശ്രദ്ധയും ജനങ്ങളില്‍ എല്ലാവരിലുമുണ്ടാകണം.
തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 21 മരണം ഉണ്ടായിട്ടുണ്ട്. ഇവരില്‍ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിനും (ഐ.ഡി.ആര്‍.വി),ഇമ്മ്യുണോ ഗ്ലോബുലിനും (ഇ.ആര്‍.ഐ.ജി) എടുക്കാത്തവരാണ്. ഒരാള്‍ ഭാഗികമായും 5 പേര്‍ നിഷ്‌കര്‍ഷിച്ച രീതിയിലും വാക്സിന്‍ എടുത്തിട്ടുള്ളവരാണ്. 21 മരണങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനുള്ള ഫീല്‍ഡ്തല അന്വേഷണം പൂര്‍ത്തിയായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുവാന്‍ വിദഗ്ധ സമിതിയെ നിയമിച്ചു.