അശുഭമായ നമ്പർ? പതിമൂന്നാം നമ്പർ കാർ കഴിഞ്ഞ തവണ ഏറ്റെടുത്തത് തോമസ് ഐസക്, ഇത്തവണ പി പ്രസാദ്

വെള്ളി, 21 മെയ് 2021 (20:41 IST)
13 അശുഭ നമ്പർ ആണെന്നുള്ള അന്ധവിശ്വാസം ലോകമെങ്ങും വ്യാപകമായുള്ളതാണ്. അതിനാൽ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ മുൻപ് മന്ത്രിമാർക്ക് നൽകാറുണ്ടായിരുന്നില്ല. അത്തരമൊരു പതിവില്ലാത്തതിനാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് തനിക്കായി പതിമൂന്നാം നമ്പർ കാർ ചോദിച്ചുവാങ്ങുകയായിരുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി എം എ ബേബി ഇതേ നമ്പർ ഉപയോഗിച്ചിരുന്നു. ഇത്തവണ അപശകുനമെന്ന് അന്ധവിശ്വാസമുള്ള പതിമൂന്നാം നമ്പരിലുള്ള കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൃഷിവകപ്പു മന്ത്രിയും ചേര്‍ത്തലയില്‍നിന്നുള്ള സി.പി.ഐ. അംഗവുമാണ് പി പ്രസാദ്.
 
മന്ത്രിമാർക്ക് ടൂറിസം വകുപ്പാണ് കാർ അനുവദിക്കുന്നത്. പതിമൂന്നാം നമ്പര്‍ കാര്‍ ഇക്കുറി തയാറായിരുന്നുവെങ്കിലും ആരും ഏറ്റെടുക്കാനില്ലായിരുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. കാർ മാത്രമല്ല  മന്ത്രിമാര്‍ വാഴില്ലെന്ന അന്ധവിശ്വാസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും കഴിഞ്ഞ തവണ തോമസ് ഐസക്ക് ഔദ്യോഗിക വസതിയാക്കിയിരുന്നു. ഇത്തവണ മൻമോഹൻ ബംഗ്ലാവ് ആരെങ്കിലും ഏറ്റെടുക്കുമോ എന്നതിൽ ഉറപ്പില്ല. നേരത്തെ ആര്യാടന്‍ മുഹമ്മദ്, കോടിയേരി ബാലകൃഷ്ണന്‍, എം വി രാഘവൻ തുടങ്ങിയവരൊക്കെ ഇവിടെ താമസിച്ചിരുന്നു. കോടിയേരി മന്ത്രിയായിരിക്കെ മന്‍മോഹന്‍ ബംഗ്ലാവിലെ ഗേറ്റ് മാറ്റി സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍