‘അവഹേളനം കൊണ്ട്‌ സിപി‌എമ്മിനെ തകര്‍ക്കാന്‍ കഴിയില്ല’

വ്യാഴം, 23 ഒക്‌ടോബര്‍ 2014 (14:15 IST)
അവഹേളനം കൊണ്ട്‌ തകര്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം രൂപീകരിക്കപ്പെട്ടതുകൊണ്ടാണ്‌ രാജ്യത്ത്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്‌. പന്ന്യനുള്ള മറുപടി ദേശാഭിമാനിയിലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്‍സിപിയുടെ കാര്യത്തില്‍ മുന്നണിയ്‌ക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ല. ചാരക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നീതിപാലിക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
 
കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ്‌ നിര്‍ഭാഗ്യകരമാണെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ലേഖനമെഴുതിയതാണ്‌ സിപിഎമ്മിനെ ചൊടിപ്പിച്ചത്‌. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നത്‌ ദൗര്‍ഭാഗ്യകരണായിപ്പോയെന്നും ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഇന്ത്യയിലെ വലിയ ശക്‌തിയാകുമായിരുന്നുവെന്നും അന്നത്തെ പിളര്‍പ്പ്‌ എന്ന ദുരന്തത്തിന്‌ അന്‍പത്‌ വയസായെന്നും പന്ന്യന്‍ രവീന്ദ്രന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.
 
സിപിഎം അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നത്‌ സിപിഐ സംസ്‌ഥാന സെക്രട്ടറിയ്‌ക്ക് ഇഷ്‌ടപ്പെട്ടില്ലെന്നും അതിനെ അധിക്ഷേപിക്കാനാണ്‌ അദ്ദേഹത്തിന്റെ ശ്രമമമെന്നും പന്ന്യന്‌ മറുപടിയായി വി വി ദക്ഷിണാമൂര്‍ത്തി എഴുതിയ ദേശാഭിമാനി ലേഖനത്തില്‍ വ്യക്‌തമാക്കിയിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക