സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോള്‍ പമ്പ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടരുന്നു. പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിട്ടാണ് പ്രതിഷേധം. പുതിയ പമ്പുകള്‍ക്കു വേണ്ടി നല്‍കിയിട്ടുള്ള അനുമതി പത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ പതിനൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പുതിയ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളതും കമ്മീഷന്‍ ചെയ്തിട്ടില്ലാത്തതുമായ അനുമതിപത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുക, പുതിയ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളതും കമ്മീഷന്‍ ചെയ്തിട്ടില്ലാത്തതുമായ എന്‍ഒസികള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുക, എഡിഎം. നല്‍കിയിട്ടുള്ള അനുമതി പത്രങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം, എന്‍ഒസി നല്‍കാനുള്ള അധികാരം കളക്ടര്‍ക്ക് നല്‍കണം, പുതിയ പമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ളവയുടെ വ്യാപാര വരുമാന സ്ഥിരത ഉറപ്പാക്കുന്ന വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, ലാഭകരമല്ലാത്ത പമ്പുകളുടെ വസ്തുക്കള്‍ ഉപാധികളില്ലാതെ തിരിച്ചു കൊടുക്കുക തുടങ്ങി പതിനൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ എന്നിവയുള്‍പ്പെട്ട സംയുക്ത സമര സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, ഓൾ കേരള ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സമരത്തിൽനിന്ന് പിൻമാറി.