കൊലയ്ക്ക് ശേഷം ഒളിച്ചു, വക്കീലിനെ കണ്ടു, എന്ത് മൊഴി കൊടുക്കണമെന്ന് വക്കീൽ പഠിപ്പിച്ചു?

ശനി, 23 ഫെബ്രുവരി 2019 (08:54 IST)
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെയെല്ലാം പോലീസിന് മുന്നില്‍ ഹാജരാക്കിയത് ജില്ലയിലെ പ്രമുഖ സിപിഎം നേതാവ്. കേസ് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് കൊലപാതക വിവരം ജില്ലാ നേതാവ് അടക്കം കൂടുതല്‍ നേതാക്കള്‍ അറഞ്ഞിരുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 
 
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച് പീതാംബരന്‍ അടങ്ങുന്ന സംഘമാണെന്ന് വിവരം എല്ലായിടത്തും പരന്നതോടെ പ്രതികള്‍ ദൂരസ്ഥലത്തേക്ക് പോകാതെ എത്രയും വേഗം പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളുടെ അതിവേഗത്തിലുള്ള കീഴടങ്ങലെന്നാണ് വിലയിരുത്തുന്നത്.
 
കീഴടങ്ങുന്നതിന് മുമ്പ് പോലീസ് ചോദ്യം ചെയ്യലിനെ നേരിടേണ്ടത് എങ്ങനെയെന്ന് അഭിഭാഷകന്‍റെ സഹായത്തോടെ പഠിച്ചു. ചോദ്യങ്ങൾക്ക് എങ്ങനെയായിരിക്കണം മൊഴി നൽകേണ്ടതെന്നും എല്ലാവരും ഏകദേശം ഒരേരീതിയിൽ മൊഴി നൽകണമെന്നും ഇവർക്ക് നിർദേശം ലഭിച്ചതായി സൂചന. 
 
പിറ്റേന്ന് 19 ന് രാവിലെ ജില്ലാ നേതാവിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രതികള്‍ എസ്പി ഓഫീസില്‍ എത്തി കീഴടങ്ങിയത്. ഏഴാം പ്രതി ഗിജിന്‍റെ പിതാവും അഞ്ചാം പ്രതി അശ്വിന്‍റെ മാതാവിന്‍റെ സഹോദരനുമായി പ്രദേശത്തെ ക്രഷര്‍ ഉടമ ശാസ്താ ഗംഗാധരരന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍