പെരിയ കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയ നടപടി ക്രൂരം: പുന:പരിശോധിക്കണമെന്ന് കെ ബാബു എംഎല്‍എ

ശ്രീനു എസ്

ശനി, 19 ജൂണ്‍ 2021 (19:47 IST)
പെരിയയില്‍ കൃപേഷിനെയും ശരത് ലാലിനെയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് സി പി എമ്മിന്റെ ശുപാര്‍ശയില്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ജോലി നല്‍കിയ നടപടി ക്രൂരവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എം എല്‍ എ. പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും മനസ് എത്രമാത്രം ക്രൂരമാണെന്നാണ് ഈ നടപടി വിളിച്ചു പറയുന്നത്. പെരിയ ഇരട്ട കൊലപാതക കേസ് അട്ടിമറിക്കുവാന്‍ തുടക്കം മുതലേ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും പണമൊഴുക്കിയാണ് സി ബി ഐ അന്വേഷണത്തെ തടയുവാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങളെയും ജനങ്ങളെയും പരിഹസിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇരകളുടെ കുടുംബം ഇപ്പോഴും അനാഥമാണ്. ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ 'ക്ഷേമമാതൃക'യെന്നും അദ്ദേഹം ചോദിച്ചു. പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക്  സര്‍ക്കാര്‍ ജോലി നല്‍കിയ തീരുമാനം  പുന:പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍