മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍

Webdunia
വെള്ളി, 4 മാര്‍ച്ച് 2016 (11:01 IST)
പത്രപ്രവര്‍ത്തകന്‍ എന്ന പേരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പണം പിരിച്ച് തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കിഴക്കേക്കോണം പള്ളിക്കല്‍ സ്വദേശി കോണോത്ത് വീട്ടില്‍ അല്‍ അമീന്‍ എന്ന അമീനാണ് (36) അങ്ങാടിപ്പുറത്ത് വച്ച് പെരിന്തല്‍മണ്ണ പൊലീസ് വലയിലായത്.

ക്വാറി, ക്രഷര്‍ ഉടമകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്ന വ്യാജേനയായിരുന്നു ഇയാള്‍ പണപ്പിരിവ് നടത്തിയത്. ഫെബ്രുവരി 20 ന് കട്ടുപ്പാറയിലെ ക്വാറി ഉടമയില്‍ നിന്ന് പത്രപ്രവര്‍ത്തക യൂണിയന്‍റെ സംസ്ഥാന സെക്രട്ടറിയാണെന്ന് പറഞ്ഞ് യൂണിയന്‍റെ വാര്‍ഷിക പതിപ്പിലേക്ക് പരസ്യം എന്ന പേരിലും മറ്റും ഇയാള്‍ പണപ്പിരിവ് നടത്തിയിരുന്നു. ഇതു പോലെ മറ്റു പലരില്‍ നിന്നും ഇയാള്‍ പണപ്പിരിവ് നടത്തിയതായി അറിയാന്‍ കഴിഞ്ഞു.

പത്രപ്രവര്‍ത്തക യൂണിയന്‍റെ പേരില്‍ രസീതുകള്‍, കളര്‍ പ്രിന്‍റിലുള്ള നോട്ടീസുകള്‍, ഐ ഡി കാര്‍ഡുകള്‍ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.