പിസി ജോര്‍ജിന്റെ സ്പെഷ്യല്‍ സെക്രട്ടറി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി

ബുധന്‍, 12 നവം‌ബര്‍ 2014 (15:32 IST)
ഭൂമി വില്പന നടത്താമെന്നു പറഞ്ഞ് ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി തോമസ് ജോര്‍ജ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശി മണിലാലാണ് പരാതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ല.
 
ആറ്റിപ്ര വില്ലേജിലെ രണ്ട് ഏക്കര്‍ 14 സെന്റ് സ്ഥലം വാങ്ങാനെന്ന പേരിലാണ് സണ്ണിയെന്ന തോമസ് ജോര്‍്ജ് മണിലാലിനെ സമീപിച്ചത്. ചീഫ് വിപ്പിന്റെ ഔദ്യോഗിക വസതിയായ പൂഞ്ഞാര്‍ ഭവനില്‍വച്ച് പലദിവസങ്ങളില്‍ ചര്‍ച്ച നടത്തി. സ്ഥലത്തെ പ്ലോട്ടുകളായി തിരിച്ചാല്‍ ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കാനാകുമെന്നും ഇതിന്റെ ആവശ്യത്തിന് പലര്‍ക്കും നല്‍കാനെന്നും പറഞ്ഞ് 16 ലക്ഷം രൂപ വാങ്ങിയെടുത്തു. പിന്നീട് പി സി ജോര്‍ജിന് നല്‍കാനെന്നു പറഞ്ഞ് 75 ലക്ഷം രൂപ കൂടി തന്റെ കൈയില്‍ നിന്ന് ജോര്‍ജ് തട്ടിയതായി മണിലാല്‍ പറയുന്നു.
 
ഇതിനിടെ വസ്തുവിന് അഡ്വാന്‍സ് നല്‍കിയതായി കരാര്‍ ഉണ്ടാക്കിയാല്‍ തുക കൂട്ടി വില്‍ക്കാമെന്നു വിശ്വസിപ്പിച്ച് രണ്ടരക്കോടി രൂപ മണിലാലിന് നല്‍കിയതായി കരാര്‍ ഉണ്ടാക്കി. പലപ്പോഴായി വാങ്ങിയ 91.50 ലക്ഷം തിരിച്ചു ചോദിച്ചപ്പോള്‍ രണ്ടരക്കോടി രൂപ തിരിച്ച് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് പോലീസിലും കോടതിയിലും പരാതി നല്‍കി. ഇതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലായ മണിലാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കുകയായിരുന്നു.
 
കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥനായ തോമസ് ജോര്‍ജ് വര്‍ഷങ്ങളായി പി സി ജോര്‍ജിന്റെ സ്റ്റാഫ് അംഗമാണ്. തലസ്ഥാനത്തു മാത്രം കോടിക്കണക്കിന് രൂപയുടെ ഭൂമി ഇയാളുടെ പേരില്‍ ഉണ്ടെന്നും മണിലാല്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക