ജോര്‍ജിനെ പുറത്താക്കില്ല; ആരോപണങ്ങള്‍ ജനം വിലയിരുത്തട്ടെ: മാണി

ബുധന്‍, 8 ഏപ്രില്‍ 2015 (09:34 IST)
പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണി. ജോര്‍ജിന്റെ ആരോപണങ്ങളെ ജനം വിലയിരുത്തട്ടെ. ചിഫ് വിപ് പ്രശ്‌നത്തില്‍ പാര്‍ട്ടി നിലപാട് യുഡിഎഫ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ധനമന്ത്രി കെഎം മാണിക്കും ജോസ് കെ മാണിക്കുമെതിരെ  കൂടുതല്‍ ആരോപണങ്ങളുമായി പിസി ജോര്‍ജ് രംഗത്ത് എത്തി. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ജയിലില്‍വെച്ച് എഴുതിയ കത്തില്‍ ജോസ് കെ മാണിയുടെ പേര് ഉണ്ടായിരുന്നുവെന്നും. ഈ കാര്യം മനസിലാക്കിയ കെഎം മാണി മാവേലിക്കരയില്‍ വെച്ച് സരിതയുമായി ചര്‍ച്ച നടത്തി ജോസ് കെ മാണിയുടെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ജോര്‍ജ് പറഞ്ഞു.

മാണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടുവരും. രണ്ടില ചിഹ്നം തനിക്ക് അവകാശപ്പെട്ടതാണെന്നും ജോര്‍ജ് പറഞ്ഞു. യുഡിഎഫ് നേതാക്കള്‍ക്ക് കത്ത് കൈമാറും. എംഎല്‍എ സ്ഥാനം രാജിവയ്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാജിവയ്‍ക്കരുതെന്നാണ് പൂഞ്ഞാറിലെ ജനങ്ങളുടെ താത്പര്യം. മാണി മന്ത്രിയായി തുടരുന്നത് അന്തസിന് ചേര്‍ന്നതാണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക