ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല; എവിടെയും സീറ്റില്ലാതെ പെരുവഴിയില്‍ പി സി ജോര്‍ജ്

Webdunia
ബുധന്‍, 9 മാര്‍ച്ച് 2016 (14:10 IST)
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും രണ്ടു മാസങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും രാഷ്‌ട്രീയപാര്‍ട്ടികളുടെ ആശങ്കകള്‍ക്കും നേതാക്കളുടെ ഓട്ടപ്പാച്ചിലുകളും തുടങ്ങിക്കഴിഞ്ഞു. അതേസമയം, കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു കാലം വരെ ഒപ്പമുണ്ടാകുകയും പിന്നീട് പിണങ്ങി സ്വന്തം പാര്‍ട്ടിയും മുന്നണിയും വിട്ട് പുറത്തുപോകുകയും ചെയ്തവര്‍ ഇപ്പോള്‍ ത്രിശങ്കുവിലാണ്. കേരള കോണ്‍ഗ്രസുമായി പിണങ്ങി പിരിഞ്ഞ് ഇറങ്ങിപ്പോന്ന പി സി ജോര്‍ജ് ആണ് ത്രിശങ്കുവില്‍ നില്‍ക്കുന്ന ഒരു  താരം.
 
യു ഡി എഫില്‍ നിന്ന് ഒന്നും നോക്കാതെ ഇറങ്ങി പോന്നെങ്കിലും കയറി ഇരിക്കാന്‍ പോലും ഒരു മുന്നണിയും പാര്‍ട്ടിയും ജോര്‍ജിന് ഇപ്പോഴില്ല. സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്ന് കഴിഞ്ഞയിടെ പുറത്താക്കി. യു ഡി എഫില്‍ നിന്ന് പോന്നാല്‍ എല്‍ ഡി എഫില്‍ തന്നെ ഇടം കണ്ടെത്താം എന്നായിരുന്നു ജോര്‍ജ് കരുതിയിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോര്‍ജിനെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു, പക്ഷേ അന്തിമതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
 
എന്തും വിളിച്ചു പറയുന്ന ജോര്‍ജിനെ സ്വീകരിക്കുന്നത് ഭാവിയില്‍ വിനയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതു തന്നെയാണ് ജോര്‍ജിന് ഇടതുമുന്നണിയിലേക്കുള്ള വരവിന് തടസ്സമാകുന്നതും. അതേസമയം, സഭാനേതൃത്വത്തിന്റെ പിന്തുണ ജോര്‍ജിന് ഇല്ലാത്തതും ഇടതുമുന്നണിയെ പിന്നോട്ട് വലയ്ക്കുന്നുണ്ട്.
 
പി സി ജോര്‍ജിനെ പരിഗണിക്കാത്ത പാര്‍ട്ടി നേതൃത്വം പൂഞ്ഞാറില്‍ കോട്ടയം മുന്‍ ജില്ല സെക്രട്ടറി കെ ജെ തോമസിന്റെ പേരാണ് പൂഞ്ഞാറിലേക്ക് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ജോര്‍ജ് ജെ മാത്യുവിനെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കി പൂഞ്ഞാറില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.