പെണ്ണ് കിട്ടാത്തവരെ കെട്ടിക്കാൻ പദ്ധതിയുമായി കണ്ണൂരിലെ ഒരു പഞ്ചായത്ത്

ശനി, 13 ഓഗസ്റ്റ് 2022 (14:14 IST)
വിവാഹപ്രായം തികഞ്ഞ ആൺകുട്ടികളും പെൺകുട്ടികളും വിവാഹം കഴിക്കാത്തത് വീട്ടുകാർക്കും ബന്ധുക്കൾക്കും മാത്രമല്ല നാട്ടുകാർക്കും ഒരു പ്രശ്നമാണ്. ഇപ്പോഴിതാ ആ ആശങ്ക മൊത്തമായി തന്നെ ഏറ്റെടുത്തിരിക്കുകയാണ് കണ്ണൂരിലെ ഒരു പഞ്ചായത്ത്.
 
കെട്ടുപ്രായം കടന്നുപോയ അവിവാഹിതരെ കണ്ടെത്തി വിവാഹം കഴിപ്പിക്കാനായി നവമാംഗല്യം എന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കണ്ണൂർ തളിപ്പറമ്പിന് സമീപത്തെ പട്ടുവം പഞ്ചായത്ത്. പഞ്ചായത്തിൽ ഓരോ വാർഡിലും കെട്ടുപ്രായം കഴിഞ്ഞ 10 മുതൽ 15 വരെ സ്ത്രീ,പുരുഷന്മാർ ഉണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ.
 
ഗ്രാമസഭയിലും വിഷയം ചർച്ചയായതോടെയാണ് ഇക്കാര്യം ഗൗരവകരമായി എടുത്തൂടെയെന്ന് പഞ്ചായത്തിന് തോന്നിയതെന്ന് പട്ടുവം പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി പറഞ്ഞു. 2022-23 പദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തി താത്കാലികമായി ഫണ്ട് അനുവദിക്കുകയും ചെയ്തു. സംസ്ഥാനത്ത് അപൂർവമായാണ് ഒരു പഞ്ചായത്ത് വിവാഹം ഏറ്റെടുക്കുന്നത്.
 
നവമാംഗല്യം' പദ്ധതിയുടെ ഒന്നാംഘട്ടമായി പഞ്ചായത്തിൽ 35 കഴിഞ്ഞ അവിവാഹിതരുടെ രജിസ്ട്രി തയ്യാറാക്കും. താത്പര്യമുള്ളവർക്ക് പരിചയപ്പെടാൻ പഞ്ചായത്ത് തന്നെ അവസരമൊരുക്കും.വിവാഹത്തിന് പഞ്ചായത്ത് ഹാൾ വിട്ടുനൽകും. പദ്ധതിയെക്കുറിച്ചറിഞ്ഞ് മറ്റു പഞ്ചായത്തുകളും വിവരങ്ങള്‍ ആരായുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍