പാറ്റൂര്‍ ഭൂമി വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മാണ കമ്പനിയായ ആവൃതി മാളിനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്നു. കമ്പനിയുടെ കൈവശമുണ്ടായിരുന്ന പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ചു മാറ്റുന്നതിന് മുന്‍പാണ് മന്ത്രി ഇടപെട്ടത്. സ്വകാര്യ വാര്‍ത്താചാനലാണ് ഇത് സംബന്ധിച്ച് രേഖകള്‍ പുറത്തുവിട്ടത്.
സ്വകാര്യകമ്പനിക്ക് പാറ്റൂരില്‍ കൈവശാവകാശമുള്ളത് 118.5 സെന്റാണെന്ന് റവന്യൂ വകുപ്പ് പറയുന്നു. എന്നാല്‍ രേഖകള്‍ പ്രകാരം ഇവരുടെ പക്കല്‍ 135. 13 സെന്റ് ഉണ്ട്. അധികമുള്ള 16. 63 സെന്റ് കമ്പനിയുടെ അറിവോടു കൂടി ഡെപ്യൂട്ടി കലക്ടര്‍ അളന്ന് തിരിച്ച് മാറ്റിയെന്നും റവന്യൂ വകുപ്പ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് അനുകൂലമായ നിര്‍ദ്ദേശം അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫയലില്‍ രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ ഭൂമി കൈയേറിയതിന്റെ പേരിലുള്ള നടപടികള്‍ അവസാനിപ്പിക്കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ആര്‍ഡിഒയുടെ ഉത്തരവും തുടര്‍കൈമാറ്റം തടഞ്ഞുകൊണ്ടുള്ള ഉത്തരവും പിന്‍വലിക്കുക.നിര്‍മാണ സ്ഥലത്തുകൂടി കടന്നു പോകുന്ന ജലഅതോറിറ്റി പൈപ്പുകള്‍ കമ്പനി ചെലവില്‍ മാറ്റാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക ഇത്രയുമാണ് മന്ത്രിയുടെ നിര്‍ദ്ദേശങ്ങളായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പേരില്‍ ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മന്ത്രി അന്ന് ഫയലില്‍ നല്‍കിയ നിര്‍ദ്ദേശം കമ്പനിക്ക് സഹായകമായി.