ആധാരം തട്ടിയെടുത്ത് കോടികള്‍ തട്ടി: പ്രതി അറസ്റ്റില്‍
തിങ്കള്‍, 10 നവംബര്‍ 2014 (16:26 IST)
ഒട്ടേറെ ആളുകളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ ആധാരം തട്ടിയെടുത്ത് പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യാമ്പലം സ്വദേശി അബ്ദുള്‍ അസീസ് എന്ന 55 കാരനാണു അഞ്ചാലുമ്മൂട് പൊലീസിന്‍റെ വലയിലായത്.
ഏറെനാളത്തെ അന്വേഷണത്തിനൊടുവില്‍ എറണാകുളത്തെ പത്തടിപ്പാലത്തെ ഒരു ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ വലയിലാക്കിയത്. പ്രമുഖ്യ ബാങ്കിന്‍റെ മാനേജരെ സ്വാധീനിച്ച് വ്യാജ കമ്പനിയുടെ പേരില്‍ ഇയാള്‍ പലര്‍ക്കും വായ്പ തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു. കൊല്ലം പനയം ചെമ്മക്കാട് ഗോപാലകൃഷ്ണ പിള്ളയുടെ ആധാരം പണയം വച്ച് പത്ത് ലക്ഷം രൂപ ഇയാള്‍ പിള്ളയ്ക്ക് വാങ്ങിക്കൊടുത്തിരുന്നു. എന്നാല്‍ ഇയാള്‍ യഥാര്‍ത്ഥത്തില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു ആധാരം പണയപ്പെടുത്തിയിരുന്നത്.
ഇയാളുടെ പ്രവര്‍ത്തന രീതിയില്‍ സംശയം തോന്നിയ പൊലീസ് ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ നിരവധി വ്യാജ രേഖകളും പ്രമാണങ്ങളും കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തളിപ്പറമ്പ്, കണ്ണൂര്‍, മലപ്പുറം, മേലാറ്റൂര്‍, പാണ്ടിക്കാട്, കോട്ടയം, വാഴക്കാട്, പെരിന്തല്‍മണ്ണ എന്നീ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകല്‍ നിലവിലുള്ളതായി കണ്ടെത്തി.
ഇത്തരത്തില്‍ സമാനമായ മറ്റൊരു തട്ടിപ്പാണ് കുണ്ടറ സ്വദേശി സലീമിന്‍റെ ആധാരം പണയം വച്ചും ഇയാള്‍ നടത്തിയത്. 50 ലക്ഷം രൂപയ്ക്കാണു സലീമിന്‍റെ ആധാരം പണയപ്പെടുത്തിയത്. എന്നാല്‍ സലീമിനു ലഭിച്ചതാകട്ടെ കേവലം മൂന്നര ലക്ഷം രൂപയും. ഇതോടൊപ്പം ഈ തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നതായ കോട്ടയത്തെ ഒരു പ്രമുഖ ബാങ്ക് മാനേജര്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ വെസ്റ്റ് സി.ഐ മോഹന്‍ ദാസ്, അഞ്ചാലുമ്മൂട് എസ്.ഐ രൂപേഷ് രാജ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്.