പത്തനംതിട്ട: കുളിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി എന്ന അയൽവാസിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂർ ലക്ഷ്മി സദനത്തിൽ പ്രിന്റ് എന്ന മുപ്പതുകാരനാണ് പോലീസ് പിടിയിലായത്. തിരുവല്ല പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മാതാവായും രണ്ടു പെൺകുട്ടികളും മാത്രം താമസിക്കുന്ന വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന യുവാവ് ഇവർ കുളിമുറിയിൽ കയറുന്ന തക്കം നോക്കിയാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. മാസങ്ങളായി ഇയാൾ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി വന്നിരുന്നു എന്നാണു പോലീസ് പറഞ്ഞത്.
കുളിമുറിയിൽ നിന്ന് കുളിക്കാൻ കയറിയവർ പുത്തുപോയാലുടൻ ക്യാമറ തിരിച്ചെടുത്തു ദൃശ്യങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റും. ഇതായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ ഡിസംബർ പതിനാറിന് വീട്ടിലെ ഇളയ മകൾ കുളിമുറിയിൽ കയറിയ സമയത്ത് ഒളിക്യാമറ വയ്ക്കാൻ ശ്രമിച്ച സമയത്ത് ഇത് കുളിമുറിയിൽ വീഴുകയായിരുന്നു. ഇതെടുത്തു പരിശോധിച്ചപ്പോഴാണ് യുവാവിന്റെ ചിത്രങ്ങളും മുമ്പ് പകർത്തിയ ദൃശ്യങ്ങളും ലഭിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ഉണ്ടായതോടെ പ്രതി ഒളിവിൽ പോയി. ഇയാളെ ചങ്ങനാശേരിയിലെ വിജിലൻസ് ഉദ്യോഗസ്ഥനായ സഹോദരീ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.