ബസില്‍ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു; ജീവനക്കാര്‍ക്കെതിരെ കേസെടുത്തു - ആരോപണം തള്ളി ബസ് ഉടമ

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (13:23 IST)
ബസില്‍ നിന്ന് ഇറക്കി വിട്ട രോഗിയായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല.

മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം. വണ്ണപ്പുറം സ്വദേശി എഇ സേവ്യർ (68) ആണ് ചികില്‍സ കിട്ടാതെ മരിച്ചത്. മൂവാറ്റുപുഴക്ക് യാത്ര ചെയ്യുന്നതിനിടെ ഇയാള്‍ ബസില്‍ കുഴഞ്ഞു വീണു.

വായില്‍ നിന്ന് നുരയും പതയും വന്നെങ്കിലും ജീവനക്കാര്‍ ബസ് നിര്‍ത്തി ചികിത്സ നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറായില്ല. ഒരു കിലോമീറ്ററിനുള്ളില്‍ ആശുപത്രിയുണ്ടായിരുന്നിട്ടും അഞ്ച് കിലോമീറ്റര്‍ പിന്നിട്ട ശേഷം ഞാറക്കാട് എന്ന സ്ഥലത്ത് നിര്‍ത്തി ഓട്ടോയില്‍ സേവ്യറെ കയറ്റി വിടുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തുക്കളെ വിളിച്ച് സേവ്യറെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്‌ക്ക് ഇടയിലാണ് മരണം സംഭവിച്ചത്.

അതേസമയം സേവ്യറെ നിര്‍ബന്ധിച്ച് വലിച്ചിറക്കി വിട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബസ് ഉടമ പ്രതികരിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ അടുത്ത സ്റ്റോപ്പിലേക്ക് എത്തുകയും ഓട്ടോയിൽ കയറ്റിവിടുകയുമാണ് ചെയ്‌തത്.  തിരുവോണം ആയിരുന്നതിനാൽ ബസിൽ ജീവനക്കാര്‍ കുറവായിരുന്നു, കൂടെ വിടാൻ പാകത്തിന് ആരും ബസിൽ ഉണ്ടായിരുന്നില്ലെന്നും ബസുടമ പ്രതികരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article