പരവൂര്‍ വെടിക്കെട്ടപകടം : നിന്നത് ഒരു കിലോമീറ്റര്‍ അകലെയാണെങ്കിലും ശരണിനേയും മരണം തട്ടിയെടുത്തു
പരവൂര്‍ വെടിക്കെട്ടപകടം നടക്കുമ്പോള്‍ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ നിന്ന ശരണ്‍ എന്ന ചന്തു (17) പടക്ക സ്ഫോടനത്തില്‍ ചിന്നിച്ചിതറിയ കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ച് തലയില്‍ പതിച്ച് മരിച്ചു. കോണ്‍ക്രീറ്റ് ചീള്‍ തലയില്‍ പതിച്ച് ഗുരുതരമായി പരിക്കേറ്റ ശരണിനെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓയൂര്‍ ചെറിയവെളിന്നല്ലൂര്‍ റോഡുവിള ഹൈസ്കൂള്‍ ജംഗ്ഷനില്‍ ശരണ്‍ നിവാസില്‍ മണി - ലത ദമ്പതികളുടെ മകനാണു ശരണ്‍. മാതാവിന്‍റെ സ്വദേശമായ പരവൂര്‍ പൂതക്കുളത്തെത്തിയ ശരണ്‍ സഹോദരന്‍ ശരത്തിനൊപ്പമായിരുന്നു ഉത്സവം കാണാന്‍ പോയത്.
ഉത്സവം കണ്ടു മടങ്ങുവാന്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴായിരുന്നു വിധി ശരണിന്‍റെ ജീവന്‍ കവര്‍ന്നത്. ശരണിന്‍റെ ഒപ്പമുണ്ടായിരുന്ന ചിറക്കര സ്വദേശിയായ സുഹൃത്ത് അച്ചുവിന്‍റെ (26) കാലാണു കോണ്‍ക്രീറ്റ് ചീള്‍ തറച്ച് നഷ്ടമായത്.