കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെത്തിയത് ജനങ്ങൾക്ക് ആശ്വാസമായെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മോദിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സന്ദർശനം ജനങ്ങൾക്ക് ആശ്വാസമായി. ദേശീയ നേതാക്കളുടെ സന്ദർശനവും ഉപദേശവും കേരളത്തിന് ഗുണം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
ഡിജിപിയുടെ പരാമര്‍ശം വളച്ചൊടിക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ രാവിലെ തന്നെ പൂർത്തിയാക്കിയിരുന്നു. രാവിലെ ആറു മണിക്ക് ശേഷം വിദഗ്ധ ചികിത്സ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലത്ത് എത്തുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞുവെന്ന വാര്‍ത്ത മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ള മറ്റ് നേതാക്കള്‍ വന്നതിൽ തെറ്റില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.