ഏറെപ്പേർക്കും 60 ശതമാനത്തിലധികം പൊള്ളല്‍; മുന്നൂറിലധികം പേരുടെ നില ഗുരുതരം- ഇവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിക്കില്ലെന്ന് ഡോക്ടർമാർ

തിങ്കള്‍, 11 ഏപ്രില്‍ 2016 (12:01 IST)
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റവരെ കൂടുതല്‍ ചികിത്സയുടെ ഭാഗമായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്ന് ഡോക്ടർമാർ. ഡൽഹി, മുംബൈ അടക്കമുളള സ്ഥലങ്ങളിൽ വിദഗ്ധ ചികിൽസ ഒരുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചെങ്കിലും ഇവരുടെ നില ഗുരുതരമായതിനാല്‍ ഇവരെ മാറ്റാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഏറെപ്പേർക്കും 60 ശതമാനത്തിലധികം പൊളളല്‍ ഉള്ള സാഹചര്യത്തില്‍ ഡൽഹി, മുംബൈ പോലുള്ള സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി ചികിത്സ നടത്താന്‍ സാധിക്കില്ല. ആശുപത്രികളിൽ വിദഗ്ധചികിൽസയ്ക്കുളള സൗകര്യം വർദ്ധിപ്പിക്കും. നടപടികൾ ഏകോപിപ്പിക്കാൻ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണെന്നും ഡോക്ടർമാരും ബന്ധപ്പെട്ട അധികാരികളും പറഞ്ഞു.

മോര്‍ച്ചറികളില്‍ തിരിച്ചറിയാത്തവിധം പരുക്കുകള്‍ ഏറ്റ മൃതദേഹങ്ങളുണ്ട്. ദുരന്തത്തിൽ പരുക്കേറ്റ മുന്നൂറിലധികം പേരിൽ ഒട്ടേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും ചികിൽസയിലുളളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല.

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച 20 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആറ് മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും എട്ടെണ്ണം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും നാലെണ്ണം കൊല്ലം ജില്ലാ ആശുപത്രിയിലും ഒരെണ്ണം വീതം കൊല്ലം മെഡിസിറ്റിയിലും പുനലൂർ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക