Rahul Mamkootathil: 'രാഹുലോ? ഏത് രാഹുല്‍'; പാലക്കാട് കോണ്‍ഗ്രസ് നടത്തുന്ന പരിപാടിയിലേക്ക് എംഎല്‍എയ്ക്കു ക്ഷണമില്ല

രേണുക വേണു

വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (09:15 IST)
Rahul Mamkootathil: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൂര്‍ണമായി കൈവിട്ട് പാലക്കാട് ഡിസിസി. പാലക്കാട് നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റിലേക്ക് രാഹുലിനു ക്ഷണമില്ല. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് പാലക്കാട് ഡിസിസി ഐക്യകണ്‌ഠേന തീരുമാനിച്ചു. 
 
എഐസിസി സെക്രട്ടറി പി.വി.മോഹനന്‍, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍, പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ എന്നിവരെല്ലാം പരിപാടിയില്‍ അതിഥികളായി എത്തുന്നുണ്ട്. സ്ഥലം എംഎല്‍എയായ രാഹുലിനെ മാത്രമാണ് മാറ്റിനിര്‍ത്തിയിരിക്കുന്നത്. 
 
മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഡിസിസിയില്‍ നിന്ന് ഇങ്ങനെയൊരു തിരിച്ചടി. രാഹുല്‍ ഉടന്‍ മണ്ഡലത്തില്‍ എത്തുമെന്നാണ് വിവരം. രാഹുല്‍ പാലക്കാട് എത്തിയാലും ഡിസിസി നേതാക്കള്‍ അനുഗമിക്കില്ല. സ്വതന്ത്ര എംഎല്‍എ മാത്രമാണ് രാഹുലെന്നും കോണ്‍ഗ്രസ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത നേതാവിനെ ഡിസിസി അംഗീകരിക്കേണ്ടതില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് പാലക്കാട് സീറ്റ് നല്‍കരുതെന്നും ഡിസിസിക്കുള്ളില്‍ തീരുമാനമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍